പുണെ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റ്‌സ്മാനുമായ യുവതാരം ഋതുരാജ് ഗെയ്ക്വാദ് വിവാഹിതനായി. ക്രിക്കറ്റ് താരം കൂടിയായ ഉത്കര്‍ഷ പവാറാണ് വധു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. മഹാരാഷ്ട്ര വനിതാ ക്രിക്കറ്റ് ടീമില്‍ അംഗമാണ് ഉത്കര്‍ഷ. മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു പിന്നാലെ ഋതുരാജ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചു.
|
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഋതുരാജിന്റെ സഹതാരങ്ങളായ ശിവം ദുബെ, പ്രശാന്ത് സോളങ്കി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. രാജസ്ഥാന്‍ റോയല്‍സ് താരം ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ തുടങ്ങിയവര്‍ ഋതുരാജിനും ഉത്കര്‍ഷയ്ക്കും ആശംസകള്‍ നേര്‍ന്നു. ഐപിഎലില്‍ ചെന്നൈയുടെ കിരീടവിജയത്തിന പിന്നാലെ, പ്രതിശ്രുത വധുവിനും മഹേന്ദ്രസിങ് ധോണിക്കുമൊപ്പമുള്ള ഋതുരാജിന്റെ ചിത്രം വൈറലായിരുന്നു. ‘എന്റെ ജീവിതത്തിലെ വിവിഐപികള്‍’ എന്ന കുറിപ്പോടെയാണ് ഋതുരാജ് ഈ ചിത്രം പങ്കുവച്ചത്.
പുണെ സ്വദേശിയായ ഇരുപത്തിനാലുകാരി ഉത്കര്‍ഷ, ഓള്‍റൗണ്ടറാണ്. 2012-13, 2017-18 സീസണുകളില്‍ മഹാരാഷ്ട്ര അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് സീനിയര്‍ ടീമിലേക്ക് എത്തിയത്. 18 മാസം മുന്‍പാണ് ഉത്കര്‍ഷ അവസാനമായി കളത്തിലിറങ്ങിയത്. നിലവില്‍ പുണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് സയന്‍സസില്‍ (ഐഎന്‍എഫ്എസ്) പഠിക്കുകയാണ്.
പുണെ സ്വദേശിയായ ഋതുരാജ് ഗെയ്ക്വാദ് മഹാരാഷ്ട്ര പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ വര്‍ഷം ഗെയ്ക്വാദും ഉത്കര്‍ഷയും ജിമ്മില്‍ ഒരുമിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടയിലുള്ള ചിത്രം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഗെയ്ക്വാദിന്റെ പ്രണയത്തെക്കുറിച്ച് ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്. ആരാണ് ആ ‘മിസ്റ്ററി ഗേള്‍’ എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ഇടക്കാലത്ത് മറാഠി നടി സയാലി സജീവുമായി ചേര്‍ത്തും ഗെയ്ക്വാദിനെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.


