
കുവൈത്തില്‍ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. വ്യാഴാഴ്ച വരെ 160 പേര് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവേയാണ് ഭൂരിഭാഗം പേരും മരിച്ചത്.
![]() |
|
ആശുപത്രികളില്‍ കഴിയുന്ന പലരും വെന്റിലേറ്ററുകളുടെ സഹായത്തോടെയാണ് ജീവന് പിടിച്ചുനിര്‍ത്തുന്നത്. നിരവധി പേര്‍ക്ക് അടിയന്തര വൃക്ക ഡയാലിസിസും ആവശ്യമായി വന്നു.
മരിച്ചവരെല്ലാം ഏഷ്യന്‍ സ്വദേശികളാണ്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് വിവരം.
കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രവുമായി ഏകോപിപ്പിച്ച് എല്ലാ കേസുകളും 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയേറ്റതായി സംശയിക്കുന്ന കേസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര ഹോട്ട്ലൈനുകളിലൂടെയോ, നേരിട്ടോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ദ്രുത ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ALSO READ: മദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല; യുവാവ് അച്ചനെയും അമ്മയെയും കുത്തിക്കൊന്നു
ദുരന്തത്തില്‍ മരിച്ചവര്‍ ആരൊക്കെയെന്ന പൂര്‍ണ വിവരം അധികൃതര്‍ പുറത്തുവിട്ടില്ല. ആശുപത്രിയില്‍ കഴിയുന്നവര്‍ ആരെന്നും വ്യക്തമല്ല.
മരിച്ചവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ 40ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി ബുധനാഴ്ച അറിയിച്ചിരുന്നു. ഇതില്‍ ചിലര്‍ അത്യാഹിത നിലയിലാണ്. ഇവരുടെയും വിവരങ്ങള്‍ ലഭ്യമല്ല. വിവരങ്ങള്‍ അറിയുന്നതിനായി എംബസി ഹെല്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക് +965-65501587 എന്ന നമ്പറില്‍ വാട്സ് ആപ്പിലും നേരിട്ടും ബന്ധപ്പെടാം. വിഷയത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും എംബസി എകോപനം നടത്തിവരികയാണ്.
ചികിത്സയില്‍ ഉള്ളവരില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.