യുഎസും ഇസ്രായേലും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇറാന്‍ നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ഇസ്രായേല്യര്‍. മിസൈലാക്രമണമുണ്ടാകുന്നതിന് മിനിറ്റുകള്‍ക്കു മുമ്പ് അപായ സൈറണുകള്‍ മുഴങ്ങുന്നതോടെ ജനം ബോംബ് ഷെല്‍ട്ടറുകളിലേക്കോടുകയാണ് ചെയ്തുവന്നിരുന്നത്. അതേസമയം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളടക്കം ഇറാന്‍ തകര്‍ത്തതോടെ മിസൈലുകള്‍ വ്യാപകമായി വിവിധ ഇസ്രായേലീ നഗരങ്ങളില്‍ പതിച്ചുകൊണ്ടിരിക്കുകയാണ്.
|
ഇതിനാല്‍ ഷെല്‍ട്ടറുകളിലേക്ക് ഓടാനുള്ള സമയം പോലും പലപ്പോഴും ഇവര്‍ക്കു ലഭിക്കുന്നില്ല. രാജ്യത്ത് ആറുലക്ഷത്തോളം ഭിന്നശേഷിക്കാരുണ്ടെന്നും ഇതില്‍ 240000 പേര്‍ക്ക് ഷെല്‍ട്ടറുകളിലേക്ക് എത്താനാവുന്നില്ലെന്നും ആക്‌സസ് ഇസ്രായേല്‍ എന്ന സംഘടനയുടെ സഹസ്ഥാപകനും റിട്ട. ലഫ്. കേണലുമായ യുവാല്‍ വാഗ്നര്‍ പറയുന്നു. ഷെല്‍ട്ടറുകളിലേക്ക് പോവാന്‍ കഴിയാത്തവരുടെ വിഷമം തനിക്കു മനസ്സിലാകുമെന്ന് കഴുത്തിന് താഴേക്ക് ശരീരം തളര്‍ന്ന വാഗ്നര്‍ പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയിരിക്കണമെന്നും ഈ അവസ്ഥ കടന്നുപോകാനാവുമെന്നും വാഗ്നര്‍ പരിപാടിയില്‍ പങ്കെടുത്തവരോടായി പറഞ്ഞു. ഹെലികോപ്ടര്‍ അപകടത്തിലാണ് വാഗ്നറുടെ കഴുത്തിനു കീഴേക്ക് തളര്‍ന്നുപോയത്.
പ്രായം ചെന്നവരെ പരിപാലിക്കാന്‍ വീടുകളില്‍ ഉള്ള മലയാളികള്‍ അടക്കമുള്ള കെയര്‍ടേക്കര്‍മാരും ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്. തങ്ങള്‍ പരിപാലിക്കുന്ന വയോജനങ്ങളെ വീടുകളിലാക്കി ഷെല്‍ട്ടറുകളിലേക്ക് ഓടുകയാണ് ചെയ്യുന്നതെന്നും ഓടിയോടി മടുത്തെന്നും കഴിഞ്ഞിദിവസം മലയാളിയായ കെയര്‍ടേക്കര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഇസ്രായേലിനെതിരേ ഇറാന്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നുവെന്നാണ് മേഖലയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റാമത്ത് ഗാനില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഷെല്‍ട്ടറുകളിലേക്ക് എത്തിപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.






