ഇസ്രായേലില്‍ നടക്കുന്ന വെലല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സംവിധായകന്‍ ബ്ലസി. ഈ മാസം ഡിസംബറില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്കായിരുന്നു സംഘാടകര്‍ ബ്ലസിയെ ക്ഷണിച്ചത്. ഫലസ്തീനികള്‍ ഇസ്രായേലിന്റെ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന ഫെസ്റ്റിന്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഇഡിയെ ഭയന്നാണ് കലാകാരന്മാര്‍ നിശബ്ദത പാലിക്കുന്നതെന്നും ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലസി പറഞ്ഞു.
|
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി മുഖാന്തരമാണ് തനിക്കു ക്ഷണം ലഭിച്ചതെന്നും ഇന്ത്യയില്‍ നിന്ന് പത്തോളം പേര്‍ക്ക് ഇവ്വിധം ക്ഷണം ലഭിച്ചതായി മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാല്‍ തന്നെ എംബസി അധികൃതരോട് താല്‍പര്യകുറവ് അറിയിച്ചു.
പ്രതിനിധികള്‍ക്കായി അയച്ച ബയോഡാറ്റ വിശദീകരണത്തില്‍ ഫലസ്തീന്‍, പാക്കിസ്താന്‍, തുര്‍ക്കി, അല്‍ജീറിയ, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചത്.
യുദ്ധത്തെ കുറിച്ചു വായിച്ചറിയുകയും ടെലിവിഷനുകളിലെയും ചാനലുകളിലെയും ദൃശ്യങ്ങള്‍ കാണുകയും മാത്രം ചെയ്തിട്ടുള്ള നമുക്ക് യുദ്ധം വച്ചുനീട്ടുന്ന നഷ്ടവും വേദനയും വേര്‍പാടുമെല്ലാം വളരെ അന്യമായ ഒരു ഷോ മാത്രമാണ്. നാം അനുഭവിക്കാത്തതെല്ലാം നമ്മളെ സംബന്ധിച്ച് കെട്ടുകഥകളാണ്. അത് കൊണ്ടാണ് മറ്റുള്ളവരുടെ വേദന നമ്മുടെ വേദന അല്ലാതായി മാറുന്നത്. ഗസ്സയിലാണെങ്കിലും യുക്രെയിനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രീയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് നഷ്ടമാവുന്നത് എന്ന തിരിച്ചറിവ് ഇല്ലാതെ പോവുവെന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: പുത്തനത്താണിയിൽ കാർ ബൈക്കിൽ ഇടിച്ചുകയറി യുവദമ്പതികൾ മരിച്ചു





