Caller Name Presentation (CNAP) മൊബൈലില്‍ സേവ് ചെയ്തിട്ടില്ലാത്തയാളുകള്‍ വിളിക്കുമ്പോള്‍ പേര് കാണിക്കാത്തത് പലപ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട്. ഫോണ്‍ എടുക്കണോ വേണ്ടേ, മിസ്ഡ് കോള്‍ ആണെങ്കില്‍ തിരിച്ചു വിളിക്കണോ, തട്ടിപ്പുകാരാണോ എന്നൊക്കെ തീരുമാനിക്കുന്നത് പേര് നോക്കിയാണല്ലോ. നിലവില്‍ പലരും ട്രൂകോളറിന്റെ സഹായത്തോടെയാണ് വിളിച്ചത് ആരാണെന്ന് തിരിച്ചറിയാറുള്ളത്. എന്നാല്‍, ഇതിലും വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് ആയിരിക്കില്ല, പകരം മറ്റ് പലരും അയാളെ ഏത് പേരിലാണ് സേവ് ചെയ്തിട്ടുള്ളത് അതായിരിക്കും കാണിക്കുന്നത്.
|
ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെലികോം വകുപ്പ്. ഫോണില്‍ വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് പ്രദര്‍ശിപ്പിക്കുന്ന പുതിയ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യമാകും. കോളര്‍ നെയിം പ്രസന്റേഷന്‍ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും നടപ്പിലാക്കാനാണ് ടെലികോം വകുപ്പ് (DoT) സേവനദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ നഗ്നയാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു
ഇന്‍കമിങ് കോളുകള്‍ വരുമ്പോള്‍ വിളിക്കുന്നയാളുടെ മൊബൈല്‍ നമ്പര്‍ (CLI) മാത്രം കാണിക്കുന്ന നിലവിലെ രീതി ഇതോടെ അവസാനിക്കും. സിം കണക്ഷന്‍ എടുക്കുമ്പോള്‍ നല്‍കിയ കെവൈസി രേഖകളിലെ, സര്‍ക്കാര്‍ അംഗീകരിച്ച പേര് ആയിരിക്കും പുതിയ സംവിധാനം വരുന്നതോടെ മൊബൈലില്‍ തെളിഞ്ഞ് വരിക. ഇത് സ്പാം കോളുകള്‍, സാമ്പത്തിക തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ഒരു പരിധി വരെ തടയാന്‍ സഹായിക്കും.
ഈ വര്‍ഷം അവസാനത്തോടെ സേവനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ഇപ്പോള്‍ ഔദ്യോഗികമായി മാര്‍ച്ച് 2026 വരെയാണ് ടെലികോം കമ്പനികള്‍ക്ക് സമയപരിധി നല്‍കിയിട്ടുള്ളത്.
പൈലറ്റ് പരീക്ഷണങ്ങള്‍: വോഡഫോണ്‍ ഐഡിയ (Vi), ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ പോലുള്ള പ്രമുഖ ടെലികോം കമ്പനികള്‍ ചില വടക്കന്‍ സര്‍ക്കിളുകളില്‍ നിലവില്‍ പൈലറ്റ് പ്രോജക്റ്റുകള്‍ നടത്തുന്നുണ്ട്.
ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നല്‍കിയ ശുപാര്‍ശകളും, ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ച്, സ്‌നാപ് സേവനം എല്ലാ ഉപയോക്താക്കള്‍ക്കും സ്വയമേവ (By Default) ലഭ്യമാകും. എന്നിരുന്നാലും, ആവശ്യമില്ലാത്തവര്‍ക്ക് തങ്ങളുടെ സേവനദാതാവിനെ ബന്ധപ്പെട്ട് ഈ ഫീച്ചര്‍ ഒഴിവാക്കാനുള്ള സൗകര്യവും ഉണ്ടാകും.
ആദ്യ ഘട്ടത്തില്‍ 4G, 5G നെറ്റ്വര്‍ക്കുകളിലെ ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. പഴയ 2G, 3G നെറ്റ്വര്‍ക്കുകളില്‍ ഇത് നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക സാധ്യതകള്‍ പിന്നീട് പരിശോധിക്കും.





