ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്നും ഇക്കാര്യം നിങ്ങള്‍ മാതാപിതാക്കളോട് പറയണമെന്നും നടന്‍ വിജയ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. കാശ് വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തം വിരല്‍ കൊണ്ട് കണ്ണില്‍ കുത്തുന്നതിന് തുല്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് താരം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് എത്തിയത്. നാളത്തെ വോട്ടര്‍മാര്‍ നിങ്ങളാണെന്നും രാജ്യത്തിന്റെ ഭാവി നേതാക്കളെ തിരഞ്ഞെടുക്കുന്നത് നിങ്ങളാണെന്നും വിജയ് പറഞ്ഞു. 234 നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളും മാതാപിതാക്കളും ആണ് ചടങ്ങിന് എത്തിയത്.
|
‘ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന്.നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളുടെ മനസ്സ് മാറ്റാന്‍ പലരും ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം’ വിജയ് പറഞ്ഞു.
‘ഒരുപാട് സിനിമാ ചടങ്ങുകളിലും ഓഡിയോ ചടങ്ങുകളിലും ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ആദ്യമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമായി തോന്നുന്നു. വിദ്യാര്‍ത്ഥികളായ നിങ്ങളെ കാണുമ്പോള്‍, ഞാനെന്റെ സ്‌കൂള്‍ കാലഘട്ടത്തിലേക്ക് പോകുന്നു.മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നില്ല ഞാന്‍. ഒരു നടനായില്ലെങ്കില്‍ ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയേനെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയായിരുന്നു എന്റെ സ്വപ്നം, ആ വഴിയിലൂടെയായിരുന്നു എന്റെ യാത്ര’ വിജയ് പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച എല്ലാ അധ്യാപകര്‍ക്കും എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇവിടെ എത്തിച്ചതിന് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. ‘ഇതുപോലൊരു ചടങ്ങില്‍ മറ്റെന്താണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. ഉപദേശം മാത്രമാണ് ജീവിതത്തില്‍ സൗജന്യം. എനിക്ക് ഇഷ്ടമുള്ള 2-3 കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറയാം. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍, അത് പിന്തുടരുക, മാര്‍ക്ക് നേടുക, പഠിക്കുക തുടങ്ങിയവയ്ക്ക് പുറമെ നിങ്ങളുടെ സ്വഭാവത്തിനും ചിന്തയ്ക്കും പ്രാധാന്യം നല്‍കിയാല്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണമാകൂ. സ്വഭാവം നഷ്ടപ്പെടുമ്പോള്‍ എല്ലാം നഷ്ടപ്പെടും’ താരം പറഞ്ഞു.
സ്വഭാവം കൂടാതെ അടുത്ത പ്രധാന കാര്യം ചിന്തിക്കാനുള്ള കഴിവാണ്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ ഇടുന്ന ചിലര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടാകും. വാര്‍ത്തകള്‍ സെന്‍സേഷണല്‍ ചെയ്ത് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. നിങ്ങള്‍ അത് വിശകലനം ചെയ്യേണ്ടതുണ്ട്, ഏതൊക്കെ സ്വീകരിക്കണം, ഏതൊക്കെ നിരസിക്കണം, ഏതൊക്കെ വിശ്വസിക്കണം, ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊക്കെ മനസിലാക്കണം. ഇതിനായി പാഠപുസ്തകങ്ങള്‍ വായിക്കുന്നതിന് പുറമെ ധാരാളം വായിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘കഴിയുന്നിടത്തോളം, എല്ലാ കാര്യങ്ങളും വായിക്കുക, അംബേദ്കര്‍, പെരിയാര്‍, കാമരാജ് തുടങ്ങിയ നേതാക്കളെ കുറിച്ച് വായിക്കുക. നല്ലത് സ്വീകരിച്ച ശേഷം ബാക്കി വിട്ടേക്കുക. പരീക്ഷകളില്‍ തോറ്റ നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കുക, അവര്‍ക്ക് പിന്തുണയും ധൈര്യവും നല്‍കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു കൂട്ടം എപ്പോഴും ഉണ്ടാകും. എന്നാല്‍ നിങ്ങളുടെ മനസ് പറയുന്നത് കേള്‍ക്കുക’ വിജയ് വ്യക്തമാക്കി.


