ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 21 ഇടങ്ങളില്‍ റെയ്ഡുമായി ഇഡി. കേരളം, കര്‍ണാടക, തമിഴ്‌നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധന. കേസിലെ മുഴുവന്‍ പ്രതികളുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി, എ പത്മകുമാര്‍, എന്‍ വാസു, മുരാരി ബാബു, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തിയിട്ടുണ്ട്.
|
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇഡി അന്വേഷിക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടല്‍ നടപടികളിലേക്കും വരും ദിവസങ്ങളില്‍ ഇഡി കടന്നേക്കും. എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.





