മെക്‌സിക്കോയിലെ ഏറ്റവും ഭീകരമായ മയക്കുമരുന്ന് മാഫിയയായ ‘ജലിസ്‌കോ ന്യൂ ജനറേഷന്‍’ കാര്‍ട്ടലിന്റെ തലവന്‍ നെമേസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (എല്‍ മെഞ്ചോ) കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് വ്യാപക അക്രമം. 59-കാരനായ എല്‍ മെഞ്ചോയെ ഞായറാഴ്ച ജലിസ്‌കോയിലെ തപല്‍പയില്‍ വെച്ച് നടന്ന സൈനിക നീക്കത്തിലൂടെയാണ് വധിച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ 32 സംസ്ഥാനങ്ങളില്‍ 20-ഓളം ഇടങ്ങളിലും ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്.
|
നഗരങ്ങള്‍ തടവറയില്‍; ജനങ്ങള്‍ ഭീതിയില്‍
അക്രമികള്‍ ബസ്സുകളും വ്യാപാരസ്ഥാപനങ്ങളും തീയിടുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. മിചോക്കന്‍ പ്രവിശ്യയിലെ സിറ്റാക്യുആറോ നിവാസിയായ ഒരാള്‍ അല്‍ ജസീറയോട് പറഞ്ഞത് ഇങ്ങനെ: ‘ഭയാനകമാണ് കാര്യങ്ങള്‍. മിനിറ്റുകള്‍ക്കുള്ളില്‍ ഒരു നഗരത്തെ മുഴുവന്‍ നിശ്ചലമാക്കാന്‍ ഈ സംഘങ്ങള്‍ക്ക് സാധിക്കും. ആശുപത്രിയില്‍ പോകാനോ ഭക്ഷണം വാങ്ങാനോ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍.’
വിവിധ ഇടങ്ങളിലുണ്ടായ അക്രമങ്ങളില്‍ ഏഴ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. ജലിസ്‌കോ, മിചോക്കന്‍, ഗ്വാണാജുവാറ്റോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്വാഡലജാര ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും പൊതുഗതാഗതത്തിനും അവധി പ്രഖ്യാപിച്ചു.
പിന്‍ഗാമി ആര്?
എല്‍ മെഞ്ചോയുടെ മരണത്തോടെ മാഫിയ സംഘത്തിനുള്ളില്‍ അധികാരത്തിനായി ആഭ്യന്തര തര്‍ക്കം രൂക്ഷമാകുമെന്ന് നിരീക്ഷകര്‍ കരുതുന്നു. എല്‍ മെഞ്ചോയുടെ വളര്‍ത്തുമകനായ ജുവാന്‍ കാര്‍ലോസ് ഗോണ്‍സാലസ് വലന്‍സിയ പിന്‍ഗാമിയായേക്കുമെന്ന് സൂചനയുണ്ടെങ്കിലും, പ്രാദേശിക കമാന്‍ഡര്‍മാര്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് വലിയ രക്തച്ചൊരിച്ചിലിന് കാരണമായേക്കാം. ഇത് മെക്‌സിക്കോയിലെ കൊലപാതക നിരക്ക് റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ആശങ്കയുണ്ട്.
ഫിഫ ലോകകപ്പിന് ഭീഷണി
2026-ലെ ഫിഫ ലോകകപ്പിന് വേദിയാകേണ്ട നഗരമാണ് ജലിസ്‌കോയുടെ തലസ്ഥാനമായ ഗ്വാഡലജാര. ലോകകപ്പ് തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലുണ്ടായ ഈ സുരക്ഷാ പ്രതിസന്ധി മെക്‌സിക്കോ സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ്. സൈന്യത്തിന് ലഭിച്ച വലിയ വിജയമാണിതെങ്കിലും വരും മാസങ്ങള്‍ മെക്‌സിക്കോയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയാണ് മെക്‌സിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഈ ഓപ്പറേഷന്‍ നടത്തിയത്. അമേരിക്ക 1.5 കോടി ഡോളര്‍ തലയ്ക്ക് വിലയിട്ട കുറ്റവാളിയായിരുന്നു എല്‍ മെഞ്ചോ.



