
അടിയന്തര സേവനങ്ങള്‍ക്ക് വിളിക്കാവുന്ന 112 നമ്പര്‍ സംവിധാനത്തില്‍ ന്യൂജന്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും വിളിക്കാവുന്ന 112 നമ്പറിലേക്ക് ഇനി മുതല്‍ ഔട്ട് ഗോയിങ് സൗകര്യമില്ലാത്തതോ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായതോ ആയ നമ്പരുകളില്‍നിന്ന് പോലും വിളിക്കാന്‍ കഴിയും.
![]() |
|
മൊബൈല്‍ ഫോണുകളില്‍നിന്നും ലാന്‍ഡ് ഫോണില്‍നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ പോല്‍ ആപ് വഴിയും സേവനം പ്രയോജനപ്പെടുത്താം. പരിഷ്‌കരിച്ച 112 സേവനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റവും മികച്ച രീതിയിലുള്ള അതിവേഗ പ്രതികരണമാണ് 112ന്റെ പുതിയ പതിപ്പ് ലക്ഷ്യമിടുന്നത്. നിലവിലുള്ളതിനേക്കാള്‍ പ്രതികരണസമയത്തില്‍ മൂന്ന് മിനിറ്റോളം കുറവുവരുത്താന്‍ ഇതിലൂടെ കഴിയും. കേരളത്തില്‍ എവിടെനിന്ന് 112ലേക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും എത്തുക.
ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനുസമീപത്തെ പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും. ജി.പി.എസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം.
പരിഷ്‌കരിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ സവിശേഷതകള്‍
*നിലവില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ ഫോണ്‍, എസ്.ഒ.എസ്, എസ്.എം.എസ്, ഇ-മെയില്‍ സംവിധാനങ്ങള്‍ക്ക് പുറമെ വാട്‌സ് ആപ്, വെബ് റിക്വസ്റ്റ്, ചാറ്റ് ബോട്ട് എന്നിവ മുഖേനയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
*ലൊക്കേഷന്‍ ബേസ്ഡ് സര്‍വിസ്, എമര്‍ജന്‍സി ലൊക്കേഷന്‍ സര്‍വിസ് സംവിധാനം ഉപയോഗിച്ച് പരാതിക്കാരന്‍ പറയാതെതന്നെ അവരുടെ ലൊക്കേഷന്‍ തത്സമയം തിരിച്ചറിയാന്‍ കഴിയും.
*ആശയവിനിമയം കാര്യക്ഷമമാക്കാന്‍ പൊലീസ് വാഹനങ്ങളില്‍ ടാബ് ലെറ്റ് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ജി.പി.എസ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
*മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പരാതികള്‍ സ്വീകരിക്കാനും ലഭിച്ച പരാതികള്‍ മറ്റ് സംസ്ഥാനത്തേക്ക് കൈമാറാനും സാധിക്കും.
*112 ഇന്ത്യ ആപ്ലിക്കേഷന്‍ മുഖാന്തിരം ലഭ്യമാക്കിയ ‘ട്രാക് മീ’ സംവിധാനം ഉപയോഗിച്ച് പൊലീസുമായി നിരന്തരം ബന്ധപ്പെടാം. യാത്ര പോകുമ്പോഴും ഒറ്റക്കായിരിക്കുമ്പോഴും പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാം.