23
Aug 2025
Sun
23 Aug 2025 Sun
Bihar vote adhikar yathra

വോട്ട് കൊള്ളയ്ക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ വോട്ട് അധികാര്‍ യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം. ബിഹാറിലെ 24 ജില്ലകളെയും ഇളക്കി മറിച്ചാണ് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നുപോകുന്നത്. ഇന്ത്യ സഖ്യത്തിലെ ഐക്യവും കെട്ടുറുപ്പും വിളിച്ചറിയിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇടത് നേതാക്കളും അടക്കം യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഹ്താസ് ജില്ലയിലെ സസാറമില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 24 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ നേതാക്കള്‍ സഞ്ചരിക്കും. പതിനാല് ദിവസം നീളുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് മഹാറാലിയോടെയാണ് സമാപിക്കുക. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യാത്ര സംസ്ഥാനം ഭരിക്കുന്ന എന്‍ഡിഎ മുന്നണി വലിയ ആശങ്കയോടെയാണ് കാണുന്നത്.

ALSO READ: ‘ബിരിയാണിച്ചെമ്പിന്റെ കല്ല് പോലെ ലീഗും സമസ്തയും നില്‍ക്കണം’; പള്ളിയിലെ രാഷ്ട്രീയപ്രസംഗം വിവാദമാകുന്നു | Video

വോട്ടര്‍ പട്ടികയില്‍ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. രാഹുലിനും തേജസ്വിക്കും പുറമേ സിപിഐഎം നേതാവ് സുഭാഷിണി അലി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും യാത്രയില്‍ പങ്കാളികളാകും.

സമാപന ദിവസം പട്നയില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും പുറമേ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സമാജ്വാദി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും. യാത്രയിലൂടനീളം ലക്ഷക്കണക്കിനാളുകളെ അണിനിരത്താനാണ് ഇന്ത്യാ സഖ്യം ഒരുങ്ങുന്നത.്

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറില്‍ ധൃതി പിടിച്ച് വോട്ടര്‍ പട്ടിക പുനഃപരിശോധിക്കുകയും ലക്ഷക്കണിക്കിനാളുകളെ പുറന്തള്ളുകയും ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. നടപടിയിലൂടെ പൗരത്വ രജിസ്റ്റര്‍ ഒളിച്ചു കടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആരോപണം.

ഇതിന് പുറമേ വോട്ടര്‍മാരെ വ്യാപകമായി പുറന്തള്ളാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. പുനഃപരിശോധനാ നടപടിയിലൂടെ 65 ലക്ഷത്തോളം പേരായിരുന്നു വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്.

ഇതിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ ആരൊക്കെ, എന്തുകൊണ്ട് പുറത്താക്കി എന്നതടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.