ക്വിറ്റോ: മൈതാനത്തെ തകർപ്പൻ പ്രകടനം കൊണ്ട് ലോകകപ്പിലടക്കം ‘സെൻസേഷൻ’ ആയി മാറിയ നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിന്റെ ചിത്രം അത്ര സുഖകരമല്ലാത്ത ഒരിടത്ത് പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. ഇക്വഡോറിലെ കൊളംബിയൻ അതിർത്തിയോട് ചേർന്ന് ട്രക്കിൽ നിന്ന് പിടിച്ചെടുത്ത 469 കിലോ കൊക്കെയ്ൻ ശേഖരത്തിലെ പായ്ക്കറ്റുകളിലാണ് ഹാളണ്ടിന്റെ ചിത്രം ഒട്ടിച്ചിരിക്കുന്നത്. സംഭവം പൊലീസിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
|
പാൻ-അമേരിക്കൻ ഹൈവേയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക് ഏജന്റുമാർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ ട്രക്ക് കസ്റ്റഡിയിലെടുത്തത്. ട്രക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 370 പായ്ക്കറ്റ് ലഹരിമരുന്നാണ് കണ്ടെത്തിയത്. ഇതിൽ ഹാളണ്ടിന്റെ ചിത്രമടങ്ങിയ സ്റ്റിക്കറുകൾ വ്യക്തമായി കാണാം. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിമരുന്ന് കടത്തുന്ന ക്രിമിനൽ ശൃംഖല ഏതാണെന്നോ ആർക്കുള്ളതാണെന്നോ തിരിച്ചറിയാൻ സെലിബ്രിറ്റികളുടെ ചിത്രങ്ങളും പേരുകളും ഉപയോഗിക്കുന്നത് ലഹരിമരുന്ന് സംഘങ്ങളുടെ പതിവ് രീതിയാണെന്നാണ് നിഗമനം. അർജന്റീന താരം ലയണൽ മെസ്സിയുടെ ചിത്രവും മുൻപ് ഇതുപോലെ ലഹരിമരുന്ന് പായ്ക്കറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പിടിച്ചെടുത്ത കൊക്കെയ്ന് അന്താരാഷ്ട്ര വിപണിയിൽ യുഎസിൽ ഏകദേശം 11 മില്യൻ ഡോളറിലധികവും (187 കോടി രൂപ) യൂറോപ്പിൽ 19.6 മില്യൺ ഡോളറിലധികവും വിലമതിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൊളംബിയൻ തിരിച്ചറിയൽ രേഖകളുള്ള മരിയ ആർ. എന്ന സ്ത്രീയെ തുൽക്കാനിനടുത്തുള്ള ഗ്വാഗ്വ നെഗ്രോയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags: Erling Haaland, Drug Seizure, Ecuador News, Cocaine Packets, Pan American Highway, Guagua Negro, Football News, International News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





