കൊച്ചി: എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ആകാശ് എയര്‍, ഇന്‍ഡിഗോ, കെഎല്‍എം തുടങ്ങിയ വിമാനക്കമ്പനികളാണ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തത്.
|
നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള ആകാശ് എയര്‍, ദുബയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ആകാശ് എയര്‍ സര്‍വീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടില്ല. സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഉംറ തീര്‍ത്ഥാടകര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കെഎല്‍ 871 വിമാനവും തിരിച്ചുള്ള കെഎല്‍ 872 വിമാനവും റദ്ദാക്കിയിട്ടുണ്ട്.
ALSO READ: വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; കാമുകനെ തേടി പോലീസ്
എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വതം ഞായറാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ച ചാര പുക ഉത്തരേന്ത്യയ്ക്ക് മുകളിലെത്തിയിട്ടുണ്ട്.
ഡല്‍ഹി, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികള്‍ നല്‍കുന്ന സൂചന. ചില വിമാനങ്ങള്‍ പുകമഞ്ഞ് ഒഴിവാക്കാന്‍ റൂട്ടുകള്‍ പുനക്രമീകരിക്കുകയാണ്.
സ്‌ഫോടനത്തിന് ശേഷം കിഴക്കന്‍ ദിശയിലേക്ക് നീങ്ങുന്ന ചാരമേഘം ഉടന്‍തന്നെ ഉത്തരേന്ത്യയില്‍ വ്യാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. രാജസ്ഥാന്റെയും ഹരിയാനയുടെയും ചില ഭാഗങ്ങളില്‍ ഡല്‍ഹിക്കു മുകളിലും ചാരമേഘങ്ങള്‍ എത്തിയിട്ടുണ്ട്. ചാരമേഘം വ്യാപിച്ചാല്‍ ഡല്‍ഹി, സമീപ പ്രദേശങ്ങള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ മോശമാക്കിയേക്കാം.
ചാരമേഘം ബാധിച്ച പ്രദേശങ്ങള്‍ ഒഴിവാക്കാനും, ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിമാനങ്ങളുടെ റൂട്ട്, ഇന്ധനം എന്നിവ ക്രമീകരിക്കാനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എഞ്ചിന്റെ പ്രവര്‍ത്തനത്തിലെ അസാധാരണത്വങ്ങള്‍, കാബിനിലെ പുക അല്ലെങ്കില്‍ ദുര്‍ഗന്ധം എന്നിവയുള്‍പ്പെടെയുള്ള ചാരത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.





