സോൾ: ഇന്ന് മുതൽ ദക്ഷിണ കൊറിയക്കാരുടെ പ്രായം രണ്ട് വയസുവരെ കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ ഉപയോഗിച്ചിരുന്ന പരമ്പരാഗതി രീതി ഉപേക്ഷിച്ച് ലോകമെമ്പാടുള്ള പൊതുരീതി ഇന്ന് മുതൽ സ്വീകരിക്കാൻ ഒരുങ്ങുന്നതിനാലാണിത്. ഇതുവരെ പിന്തുടർന്നിരുന്ന കൊറിയൻ രീതി പ്രകാരം ജനിച്ചുവീഴുന്ന കുട്ടിക്ക് ഒരു വയസാണ് പ്രായം. പിന്നീടു വരുന്ന ജനുവരി ഒന്നിന് അടുത്ത വയസ് തികയും. ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്നു തന്നെ 2 വയസ് തികയുമെന്ന് ചുരുക്കം. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും തികയുന്ന, മറ്റെല്ലാ രാജ്യങ്ങളും പിന്തുടരുന്ന പൊതുരീതി ദ. കൊറിയയിലും നടപ്പാകും. ഇതോടെ എല്ലാ കൊറിയക്കാരുടേയും പ്രായം ഒന്ന് മുതൽ രണ്ട് വയസ് വരെ കുറയും.
|
ഉത്തര കൊറിയ 1985 മുതൽ പൊതുരീതിയാണ് പിന്തുടരുന്നത്. പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്. പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ കാരണം നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു.
നിയമപരമായ കാര്യങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നതെങ്കിലും പുകവലിക്കും മദ്യപാനത്തിനും വേണ്ട അടിസ്ഥാന പ്രായം, മിലിട്ടറി ജോലികൾക്ക് വേണ്ട പ്രായം എന്നിവ കണക്കുകൂട്ടാൻ നിലവിലെ വർഷത്തിൽ നിന്ന് ജനിച്ച വർഷം കുറയ്ക്കുകയായിരുന്നു പതിവ്. ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നതിനാലാണ് പൂർണ്ണമായി അന്താരാഷ്ട്ര രീതിയിൽ തന്നെ പ്രായം കണക്കുകൂട്ടാൻ അധികൃതർ തീരുമാനിച്ചത്.


