21
Jan 2023
Mon
21 Jan 2023 Mon

പ്രവാസികൾക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി സംബന്ധിച്ച കാര്യങ്ങളും ഇടപാടുകളും നടത്താനാകും. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിദേശത്തിരുന്നു പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കുകയാണ്. റവന്യൂ വകുപ്പിന്റെ പ്രവാസി പോർട്ടലും ഹെൽപ് ഡെസ്‌കുമാണ് ഇത്തരമൊരു സൗകര്യം പ്രവാസികൾക്കായി ഒരുക്കി നൽകുക. ഇതിനായി പ്രത്യേക പോർട്ടൽ അടുത്ത മാസം ആരംഭിക്കാനാണ് തീരുമാനം .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓൺലൈനായി നൽകുന്ന അപേക്ഷകളിൽ വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി ഇതിന്റെ മറുപടി ഉദ്യോ​ഗസ്ഥർ ഉപയോ​ക്താവിന് നൽകും. ഫയൽ ട്രാക്ക് ചെയ്യുന്നതിനും പോർട്ടലിൽ സംവിധാനം ഉണ്ടാകും. റവന്യൂ മന്ത്രിയുടെ ഓഫിസ് മുതൽ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസർമാർക്കു ചുമതല നൽകിയാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക.

ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ ഇതിനായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക ഓഫിസർമാരുടെ സംഘം രൂപീകരിക്കാൻ നടപടിയായി. ജില്ലകളിൽ ഒരു ഡപ്യൂട്ടി കലക്ടർക്കായിരിക്കും ചുമതല. താലൂക്കിൽ ഡപ്യൂട്ടി തഹസിൽദാർമാർ നേരിട്ടു ഇ-ഫയലുകൾ നോക്കും. മാസത്തിൽ ഒരു തവണ മന്ത്രി നേരിട്ടു പോർട്ടലിലെ പരാതികൾ വിശകലനം ചെയ്യും.

ഇതിനൊപ്പം തന്നെ ഭൂമി സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾക്കുള്ള റവന്യൂ പോർട്ടലും ഭൂമി രജിസ്ട്രേഷനു വേണ്ടി രജിസ്ട്രേഷൻ വകുപ്പ് ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in/ പോർട്ടലും തമ്മിൽ സംയോജിപ്പിക്കുന്ന നടപടികൾ ഫെബ്രുവരിയിൽ പൂർത്തിയാകും.

ഭൂമി രജിസ്ട്രേഷൻ നടന്നു കഴിഞ്ഞാൽ വസ്തു പോക്കുവരവു ചെയ്യാൻ ആധാരങ്ങളുമായി വില്ലേജ് ഓഫിസിലേക്കു പോവേണ്ടതില്ല. രജിസ്ട്രേഷൻ പോർട്ടലിൽ രജിസ്ട്രേഷൻ കഴിഞ്ഞാൽ അടുത്ത പടിയായി റവന്യൂ വകുപ്പിന്റെ പോർട്ടലിലേക്ക് പോക്കുവരവിനായി ചെല്ലും. പോക്കുവരവും കരം ഒടുക്കലും ഉൾപ്പെടെ 9 സേവനങ്ങൾ റവന്യൂ പോർട്ടലിൽ ലഭ്യമാവും. ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയായാൽ ഇ മാപ്പ് പോർട്ടൽ കൂടി ചേർത്ത് 3 പോർട്ടലുകളും ഒരുമിച്ച് കൊണ്ടുവരും. സർവേ നമ്പർ നൽകിയാൽ ഭൂമിയുടെ മാപ്പ് എവിടെയിരുന്നും ആർക്കും കണ്ടെത്താൻ കഴിയും വിധമായിരിക്കും ഇവയുടെ പ്രവർത്തനം.