02
Feb 2024
Sun
02 Feb 2024 Sun
യുപിയില്‍ സമൂഹവിവാഹ തട്ടിപ്പ്; ദമ്പതികളായി അഭിനയിപ്പിച്ചത് 500 രൂപ നല്‍കി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ പണംതട്ടാന്‍ വ്യാജ കൂട്ടക്കല്യാണം നടത്തിയതിന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റിലായി. ആണുങ്ങള്‍ പെണ്‍വേഷം കെട്ടിയതിന്റെയും വരനില്ലാത്ത വധുക്കള്‍ സ്വയം ഹാരമണിയിക്കുന്നതിന്റെയും വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ബാലിയ ജില്ലയില്‍ ജനുവരി 25നാണ് സമൂഹ വിവാഹത്തട്ടിപ്പ് നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

(fake community wedding in up 15 including government officials arrested)

568 ദമ്പതികള്‍ ചടങ്ങില്‍ വിവാഹിതരായെന്നാണ് അധികൃതരുടെ കണക്ക്. എന്നാല്‍ ചടങ്ങില്‍ വിവാഹിതരായ ദമ്പതികളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ അഭിനയിക്കുന്നതിന് 500ഉം രണ്ടായിരവും രൂപ പ്രതിഫലം നല്‍കി എത്തിച്ചതാണെന്നും വ്യക്തമായി. ചില വധുക്കള്‍ക്ക് വരന്മാരേ ഉണ്ടായിരുന്നില്ല. ഇവര്‍ തനിയെ ആണ് ഹാരമണിഞ്ഞത്.

വരനായി അഭിനയിക്കുന്നതിന് പണംനല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് താനും സമൂഹവിവാഹത്തില്‍ പങ്കെടുത്തുവെന്ന് 19കാരന്‍ വെളിപ്പെടുത്തി. സമൂഹവിവാഹം കാണാന്‍ പോയതായിരുന്നു താനെന്നും ഇവിടെയെത്തിയപ്പോള്‍ വരനായി വേഷംകെട്ടിയിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി എംഎല്‍എ കേട്കി സിങ് ആയിരുന്നു സമൂഹവിവാഹത്തിലെ മുഖ്യാതിഥി.

വധുവൊന്നിന് 51000 രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ 35000 വധുവിനും 10000 വിവാഹവസ്ത്രങ്ങളടക്കമുള്ളവ വാങ്ങാനും 6000 രൂപ വിവാഹച്ചടങ്ങിനുമായാണ് വകയിരുത്തുന്നത്. അതേസമയം പണം അക്കൗണ്ടിലേക്ക് നല്‍കുന്നതിനു മുമ്പായി തട്ടിപ്പ് കണ്ടെത്താനായെന്നും ഉടന്‍ തന്നെ മൂന്നംഗം സമിതിയെ അന്വേഷണത്തിന് നിയോഗിച്ചെന്നും അധികൃതര്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക