22
Feb 2026
Sun
22 Feb 2026 Sun
Bittu Bajrangi

ഗോസംരക്ഷകനെന്ന് അവകാശപ്പെടുന്ന ബിട്ടു ബജ്‌റംഗിക്ക് എട്ടിന്റെ പണി നല്‍കി സുഹൃത്തും യുവതിയും. വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി അതിവിദഗ്ധമായി കബളിപ്പിക്കുകയായിരുന്നു ഇരുവരും. ബിട്ടുവിന്റെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ബിട്ടുവിന്റെ അയല്‍വാസിയുടെ ബന്ധുവായ ബണ്ടിയാണ് യുവതിയെ പരിചയപ്പെടുത്തി വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫരീദാബാദിലെ ഗാസിപുരില്‍ പച്ചക്കറി വ്യാപാരിയായ ബിട്ടു തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അയല്‍വാസിയോടു പറഞ്ഞു. തുടര്‍ന്നാണ് ബന്ധുവായ ബണ്ടിയെ അയല്‍വാസി ബിട്ടുവിനു പരിചയപ്പെടുത്തിക്കൊടുത്തത്. കുറച്ചുദിവസങ്ങള്‍ക്കു ശേഷം ബണ്ടി, റാണി എന്ന സ്ത്രീയെ ബിട്ടു ബജ്‌റംഗിക്കു പരിചയപ്പെടുത്തി . തുടര്‍ന്ന് ഇരുവരും ഒട്ടേറെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ബിട്ടുവിനു കൈമാറി. ഇതില്‍ ഇഷ്ടപ്പെട്ട ഒരു യുവതിയുടെ ഫോട്ടോ ബണ്ടിക്ക് തിരിച്ച് അയച്ചുകൊടുത്തു. ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്.

2025 സെപ്റ്റംബര്‍ 5 ന് ബണ്ടിയും റാണിയും പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ബിട്ടു ബജ്‌റംഗിയെ കാണാനെത്തി. തുടര്‍ന്ന് ഫെബ്രുവരി 7 ന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ ചെലവിനായി വധുവിന് വസ്ത്രങ്ങള്‍ വാങ്ങാന്‍ 30,000 രൂപയും ബണ്ടിക്ക് ബിട്ടു കൈമാറിയിരുന്നു. ഫെബ്രുവരി 7ന് ബിട്ടു ബജ്‌റംഗി വിവാഹ ഘോഷയാത്രയായി അലിഗഡിലെത്തിയപ്പോള്‍ വധുവിന്റെ വീട്ടില്‍ ആരെയും കണ്ടില്ല.

ബണ്ടിയുടെയും റാണിയുടേയും മൊബൈലുകളും ഓഫായിരുന്നു. ബിട്ടുവിന്റെ പരാതിയില്‍ ബണ്ടി, റാണി എന്നിവര്‍ക്കുനേരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം താന്‍ വിവാഹം കഴിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മരിച്ചുപോയ സഹോദരന്റെ മകളെ ഓര്‍ത്താണ് വിവാഹത്തിനു സമ്മതിച്ചതെന്നുമാണ് ആകെ നാണകെട്ട ബിട്ടു ബജ്‌റംഗി ഇപ്പോള്‍ അവകാശപ്പെടുന്നത്.