കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തക പത്തനംതിട്ട സ്വദേശിനി റേച്ചല്‍ ജോസഫി(49)ന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഡല്‍ഹി ഹൈക്കോടതി വിധി. നഷ്ടപരിഹാരം നല്കാന് ഡല്‍ഹി സര്‍ക്കാര്‍ വിസമ്മതിച്ചതോടെ കുടുംബം നിയമപോരാട്ടം നടത്തുകയും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു.
|
2020 ജൂണില്‍ ആദ്യ കോവിഡ് തരംഗത്തിനിടെയാണ് ഡല്‍ഹിയിലെ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ക്വാളിറ്റി മാനേജരായിരുന്ന റേച്ചല്‍ ജോസഫ് മരിച്ചത്. കോവിഡ് ജോലിക്കിടെ ജീവന് നഷ്ടമാവുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്തപ്പോള്‍ റേച്ചലിന്റെ കുടുംബത്തെ ഒഴിവാക്കുകയായിരുന്നു. റേച്ചലിനെ കോവിഡ് ജോലിക്കു നിയോഗിച്ചില്ലെന്ന വാദമുയര്‍ത്തിയായിരുന്നു സര്‍ക്കാര്‍ നഷ്ടപരിഹാരം നിഷേധിച്ചത്. ഇതിനെതിരേ റേച്ചലിന്റെ ഭര്‍ത്താവ് ജോസഫ് വര്‍ഗീസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം കോവിഡ് ചികില്‍സയില്‍ വരില്ലെന്ന വാദവും സര്‍ക്കാര്‍ ഉയര്‍ത്തി. തുടര്‍ന്നു കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ഹരജിക്കാരനു വേണ്ടി കോടതിയിലെത്തിയ മനോജ് വി ജോര്‍ജ്, ശില്പ ലിസ ജോര്‍ജ് എന്നിവര്‍ ഡല്‍ഹി സര്‍ക്കാരിന്റെ വാദങ്ങളെ ഖണ്ഡിച്ചു.
മൂന്നാംവട്ട ഹരജിയില്‍ വീണ്ടും കോടതി അഭിപ്രായം തേടിയതോടെ നഷ്ടപരിഹാരം നല്‍കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. 2022ല്‍ കോവിഡ് ബാധിച്ചു മരിച്ച 28 ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്കാന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു മുമ്പ് 31 ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുകയുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





