സിനിമാ പ്രേമികള്‍ ഈ മാസം തീയറ്ററുകളുടെ മുന്നില്‍ ക്യൂ നിന്നു മടക്കുമെന്നു ഉറപ്പായി. ഇതോടൊപ്പം സിനിമാ ടിക്കറ്റിനായി പണം മുടക്കി പോക്കറ്റ് കീറാന്‍ പോകുന്ന മാസമാണ് ഈ ഫെബ്രുവരി. നിരവധി മലയാള സിനിമകളാണ് ബിഗ് സ്‌ക്രീനില്‍ റിലീസിനെത്തുന്നത്. ഇതില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവന്‍’ തുടങ്ങിയ ചിത്രങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു
|
അന്വേഷിപ്പിന്‍ കണ്ടെത്തും
ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന’അന്വേഷിപ്പിന്‍ കണ്ടെത്തും’ സംവിധാനം ചെയ്യുന്നത് ഡാര്‍വിന്‍ കുര്യാക്കോസാണ്. ഒരു യുവതിയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തെ കേന്ദ്രീകരിച്ചുള്ള ത്രില്ലറാണ്. സിദ്ദീഖ്, ഇന്ദ്രന്‍സ്, വെട്ടുക്കിളി പ്രകാശ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ഭ്രമയുഗം
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച ചിത്രമാണ് ‘ഭ്രമയുഗം’. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിന്റെ സംവിധായകനൊപ്പം മമ്മൂട്ടി കൈകോര്‍ക്കുന്നു എന്ന പ്രത്യേകത തന്നെയാണ്
ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. പ്രേക്ഷക മനസുകളില്‍ ഭയം നിറച്ചുള്ള ടീസറും പോസ്റ്ററുകളും ആകാംക്ഷ ഇരട്ടിയാക്കി. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ മറ്റ് വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തും.
തുണ്ട്
റിയാസ് ഷെരീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് തുണ്ട്. ജനുവരി 25 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. പരീക്ഷയെ ഭയപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ബിജു മേനോന്‍ എത്തുന്നത്. ചിത്രത്തെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 16നാണ് ‘തുണ്ട്’ തിയറ്ററുകളില്‍ എത്തുന്നത്.

പ്രേമലു
യുവ താരങ്ങളായ മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രേമലു’ ഫെബ്രുവരി 9ന് റിലീസിനെത്തും. സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എ.ഡി ആണ് ചിത്രത്തിന്റെ സംവിധായകന്‍.
തലവന്‍
ജിസ് ജോയ് ആണ് ഈ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ സംവിധായകന്‍. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. വ്യത്യസ്ത റാങ്കുകളിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരി 23ന് ‘തലവന്‍’ റിലീസ് ചെയ്യും.
ദിലീപ് നായകനാകുന്ന ‘തങ്കമണി’, ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്നീ ചിത്രങ്ങളും ഫെബ്രുവരിയില്‍ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


