17
Sep 2023
Wed
17 Sep 2023 Wed

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. സിനിമ കഥ പറയാന്‍ എത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്റെ ഫ്‌ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാന്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.