ഫലസ്തീന് പിന്തുണയുമായി പുറത്തിറക്കിയ കോള ഗസ്സ പാനീയം ബ്രിട്ടനില്‍ തരംഗമാവുന്നു. ആഗസ്തില്‍ പുറത്തിറങ്ങിയ പാനീയം ഇതിനകം അഞ്ച് ലക്ഷത്തിലേറെ കാനുകള്‍ വിറ്റഴിഞ്ഞു. ആറ് കാനുകളടങ്ങിയ ഒരു പാക്ക് കോളയ്ക്ക് വില 15 ഡോളറാണ്.
|
ഇസ്രായേലി സൈന്യത്തിന് പിന്തുണ നല്‍കുന്ന കമ്പനികളെ ബഹിഷ്‌കരിക്കുകയും ഫല്‌സ്തീന് പിന്തുണ നല്‍കുകയും ലക്ഷ്യമിട്ടാണ് ഫലസ്തീന്‍ വ്യാപാരിയും ആക്ടിവിസ്റ്റുമായ ഉസാമ ഖാഷൂ ഇങ്ങിനെയൊരു പാനീയം ഇംഗ്ലണ്ടില്‍ പുറത്തിറക്കിയത്.
കോള ഗസ്സയുടെ ഓരോ തുള്ളിയും ഫലസ്തീന്‍ ജനതയുടെ ദുരിതത്തെയും പോരാട്ടത്തെയും ഓര്‍മിപ്പിക്കുമെന്ന് ഖാഷൂ പറഞ്ഞു. ഗസാ സിറ്റിക്ക് സമീപത്തുള്ള അല്‍ കറാമ ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയാണ് ഈ കോളയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുക.
ലണ്ടനില്‍ മൂന്ന് റസ്‌റ്റോറന്റുകളില്‍ മാത്രമാണ് തുടക്കത്തില്‍ കോള ഗസ്സ വില്‍പ്പനയ്ക്കുണ്ടായിരുന്നത്. മാഞ്ചസ്റ്ററിലെ അല്‍ അഖ്‌സ ഉള്‍പ്പെടെ നിരവധി വ്യാപാര ശൃംഖലകള്‍ ഇപ്പോള്‍ കോള ഗസ്സ ഏറ്റെടുത്തിട്ടുണ്ട്.

കൊക്ക കോളയ്ക്ക് സമാനമായ രുചിയുള്ള കോള ഗസ്സ പോളണ്ടില്‍ നിര്‍മിച്ച് ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. കൊക്ക കോളയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഫോര്‍മുലയാണ് കോള ഗസ്സയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഖാഷൂ പറയുന്നു.
വംശഹത്യാ രഹിത കോള( Genocide-free Cola) എന്നതാണ് കോള ഗസ്സയുടെ പരസ്യ വാചകം. ഇസ്രായേലി സൈന്യത്തിന്റെ വംശഹത്യയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന കൊക്ക കോള ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുകയും അത്തരം കമ്പനികള്‍ക്ക് സാമ്പത്തിക ആഘാതം സൃഷ്ടിക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് ഇങ്ങിനെ ഒരു ഉല്‍പ്പന്നം വിപണിയിലെത്തിച്ചതെന്നും ഖാഷൂ പറയുന്നു.


