വെളുത്തുള്ളി വില സര്‍വകാല റെക്കോഡും കടന്ന് കുതിക്കുന്നു; കിലോക്ക് 450 കവിഞ്ഞു
|
കോഴിക്കോട്: രാജ്യത്ത് വെളുത്തുള്ളി വില സര്‍വകാല റെക്കോഡും കടന്ന് കുതിക്കുന്നു. നിലവില്‍ ഒരു കിലോക്ക് വെളുത്തുള്ളിക്ക് 450 രൂപയും കവിഞ്ഞു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300- 350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100- 150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു. നേരത്തെ 100- 150 രൂപയെ ഉണ്ടായിരുന്നുള്ളൂ. അതാണിപ്പോള്‍ നാലിരട്ടിവരെ ആയത്.
കഴിഞ്ഞ വര്‍ഷം വെളുത്തുള്ളി കിലോയ്ക്ക് 3240 രൂപയായിരുന്നു വില. തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.


