കിടപ്പറ ദൃശ്യങ്ങൾ പകർത്തിസൂക്ഷിച്ച കാമുകനെ മുൻ കാമുകന്റെ സഹായത്തോടെ തീയിട്ടുകൊന്ന യുവതി പിടിയിൽ. വടക്കൻ ഡൽഹിയിൽ തിമാർപുരിലെ അപ്പാർട്ട്‌മെൻറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുപിഎസ്‌സി ഉദ്യോഗാർഥി രാംകേഷ് മീണ(32)യുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
|
മീണയുടെ ലീവ്-ഇൻ പങ്കാളിയും ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർഥിനിയുമായ അമൃത ചൗഹാൻ (21), അമൃതയുടെ മുൻ കാമുകൻ സുമിത് കശ്യപ്, ഇവരുടെ സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ് ഇവർ.
ഒക്ടോബർ ആറിനാണ് തിമാർപുരിലെ ഗാന്ധി വിഹാറിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്. നാലാം നിലയിലെ ഫ്ലാറ്റിലാണ് മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മീണയും അമൃതയും കഴിഞ്ഞ മെയ് മുതലാണ് ഒരുമിച്ചു താമസിക്കാൻ ആരംഭിച്ചത്. എന്നാൽ, തന്റെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും മീണ റെക്കോഡ് ചെയ്ത് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളതായി അമൃത ഇതിനിടെ കണ്ടെത്തി. ഇവ ഡിലീറ്റ് ചെയ്യണമെന്ന് അമൃത പലതവണ ആവശ്യപ്പെട്ടിട്ടും മീണ ചെവിക്കൊണ്ടില്ല. ഇതേത്തുടർന്നാണ് മീണയെ കൊല്ലാൻ അമൃത പദ്ധതിയിട്ടത്. ഇതിനായി മുൻ കാമുകൻ സുമിത്തിനെ അമൃത ബന്ധപ്പെടുകയായിരുന്നു.
സുമിത്ത് സുഹൃത്ത് സന്ദീപിനെയും കൂട്ടി അപ്പാർട്ട്മെന്റിലെത്തിയാണ് കൊലപാതകം നടത്തിയത്. പാചകവാതകം തുറന്നുവിട്ടാണ് ഇവർ അപ്പാർട്ട്മെന്റ് കത്തിച്ചത്.
തീപിടിത്തത്തിലുണ്ടായ മരണമെന്ന് ആദ്യം കരുതിയെങ്കിലും ദുരൂഹത ആരോപിച്ച് മീണയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സത്യം പുറത്തുവന്നത്. തീപിടിത്തമുണ്ടായ ദിവസം അപ്പാർട്ട്മെന്റിൽ രണ്ടുപേർ മുഖംമറച്ച് എത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. പുലർച്ചെ 2.57ന്, അമൃതയും ഒരാളും പുറത്തേക്ക് പോകുന്നത് കണ്ടതിനു തൊട്ടുപിന്നാലെയാണ് അപ്പാർട്ട്‌മെൻറിൽ സ്ഫോടനം നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുമിത്ത് ഗ്യാസ് സിലിൻഡർ ഉപയോഗിച്ച് സ്ഫോടനം നടത്തിയതായി തെളിഞ്ഞു.
ഇരുമ്പ് ഗേറ്റിലെ ഒരു ചെറിയ ദ്വാരത്തിലൂടെ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയാണ് പ്രതികൾ മടങ്ങിയത്. തെളിവുകൾ നശിപ്പിക്കാനായി മീണയുടെ ഹാർഡ് ഡിസ്‌ക്, ലാപ്‌ടോപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവയും പ്രതികൾ കടത്തിക്കൊണ്ടുപോയി. ഫോറൻസിക് സയൻസിലെ അമൃതയുടെ പശ്ചാത്തലവും ക്രൈം വെബ് സീരീസുകളോടുള്ള താൽപര്യവുമാണ് കൊലപാതകം ആസൂത്രണം ചെയ്യാനും തീപിടിത്തമാക്കി മാറ്റാനും സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
ALSO READ: മൂന്നു സഹോദരിമാരുടെ എഐ അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്; 19കാരന്‍ ജീവനൊടുക്കി





