16
Nov 2023
Wed
16 Nov 2023 Wed

ഞെട്ടിച്ച് സ്വര്‍ണവില: എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍, ഇന്ന് മാത്രം 600 രൂപ വര്‍ധിച്ചു, ഈ പോക്ക് പോയാല്‍ 50,000 കടക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വില വര്‍ധനവ്. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി സ്വര്‍ണ നിരക്ക്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46,480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. തിങ്കളാഴ്ച നിരക്കുയര്‍ന്നപ്പോള്‍ തന്നെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കായി പവന് 45,880 രൂപ മാറി.

വൈകാതെ വില ഒരു പവന് 50000 രൂപയിലെത്തുമെന്ന പ്രവചനങ്ങള്‍ ശരിയാകാന്‍ പോകുന്നു എന്നാണ് മനസിലാക്കേണ്ടത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 2000ത്തിലധികം രൂപയുടെ വര്‍ധനവുണ്ട്. ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.

അനുകൂല സാഹചര്യങ്ങള്‍ മുതലാക്കുന്ന സ്വര്‍ണം 2,000 ഡോളറിന് മുകളില്‍ സ്ഥിരത കൈവരിച്ചതിനൊപ്പം 6 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനവില്‍ നിന്ന് പിന്നോട്ടേക്കെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് അനുകൂലമാകുന്നത്. ഡോളര്‍ മൂന്ന് മാസത്തെ താഴ്ന്ന നിലയിലേക്ക് നീങ്ങിയതോടെ സ്വര്‍ണം ഉയരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് 0.06 ശതമാനം നേട്ടത്തില്‍ ഔണ്‍സിന് 2,015.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മെയ് 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം.