17
Jul 2023
Thu
17 Jul 2023 Thu

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ ഇപ്പോഴിതാ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ചെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് മറുപടി. ഗുഡ്‌മോണിംഗ് എന്ന് പറഞ്ഞാണ് അമൃതയെ ടാഗ് ചെയ്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും കാനഡ യാത്ര കഴിഞ്ഞ് എത്തിയതിന് പിന്നാലെയായിരുന്നു പരസ്പരം അണ്‍ഫോളോ ചെയ്തതായി ചിലര്‍ കണ്ടെത്തിയത്. തങ്ങളുടെ പ്രണയം അറിയിച്ച് കൊണ്ട് പങ്കുവെച്ച ചിത്രമടക്കം അമൃതയ്‌ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ചൂടുപിടിച്ചത്. എന്നാല്‍ അഭ്യൂഹങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ള വീഡിയോ അമൃത പങ്കിട്ടിരുന്നു. അമ്മ മകള്‍ ബന്ധമാണ് എപ്പോഴും ശാശ്വതമെന്നുള്ള കമന്റുകള്‍ക്ക് അമൃത സ്‌നേഹം അറിയിക്കുക കൂടി ചെയ്തതോടെ ഗോപി സുന്ദര്‍ അമൃതയെ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു വീഡിയോക്ക് താഴെ പലരും പങ്കിട്ടത്.

ഇതിന് പിന്നാലെ ഗോപി സുന്ദറും ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബന്ധങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചും പറയുന്ന ഒരു മോട്ടിവേഷ്ണല്‍ വീഡിയോ ആയിരുന്നു അത്. ‘നിങ്ങളുടെ മനസ്സില്‍ നിന്ന് വലിയൊരു ഭാരമിറക്കി വയ്ക്കുന്നതിന് ഒരു യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി. എല്ലാവരും നമ്മളെ ഇഷ്ടപ്പെടില്ല പക്ഷെ അത് ഓക്കെയാണ്. നമ്മുടെ ഒരു ദിവസത്തിന്റെ ഏറെ പങ്കും നമ്മള്‍ ചെലവഴിക്കുന്നത് അവര്‍ നമ്മളെ കുറിച്ച് എന്ത് കരുതുമെന്ന് ചിന്തിച്ചിട്ടാണ്. പണിപ്പെടുന്നത് അവരെ സന്തോഷിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ എത്രയൊക്കെ അവരെ സന്തോഷിപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ചാലും വിമര്‍ശിക്കാന്‍ ആളുകളുണ്ടാകും. കാരണം പല വിമര്‍ശനങ്ങളും അവര്‍ക്ക് അവരില്‍ തന്നെ സന്തോഷമില്ലാത്തതു കൊണ്ടാണ്.

നിങ്ങള്‍ എന്തു ചെയ്യണം, ചെയ്യരുത് എന്ന് നിങ്ങളെ പറ്റി അവര്‍ സെറ്റു ചെയ്തുവച്ചിരിക്കുന്ന നിര്‍ചനത്തില്‍ നിന്ന് നിങ്ങള്‍ വെളിയില്‍കടക്കുന്നതു കൊണ്ടാണ്. ആ വിമര്‍ശനങ്ങള്‍ ഇല്ലാതാക്കുന്നത്,അവരെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നത് ഒരു ലക്ഷ്യമായി എടുത്ത് കഴിഞ്ഞാല്‍ ജീവിതത്തില്‍ നിന്ന് ഓടിയൊളിച്ച് ഒന്നും ചെയ്യാത്തവന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടി വരും. അതിലും നല്ലത് നമ്മുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ചെയ്ത് ആ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതല്ലേ’, എന്നായിരുന്നു വീഡിയോയില്‍ പറയുന്നത്. ഇതോടെ അമൃതയുമായി പിരിഞ്ഞോയെന്ന് ചോദിച്ചുകൊണ്ടുള്ള നിരവധി കമന്റുകള്‍ ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെയും വന്നു.

ഇരുവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തിലുള്ള നിരവധി കമന്റുകള്‍ നിറയുമ്പോഴും രണ്ട് പേരും മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല മറ്റ് പല പോസ്റ്റുകളും വീഡിയോകളും ഇരുവരും പങ്കിടുന്നുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് കൊണ്ട് അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിലും നല്ല മറുപടി സ്വപ്നങ്ങള്‍ മാത്രം എന്നാണ് ചിലര്‍ കുറിച്ചത്.

‘ചാക്ഷരത മലയാളികള്‍ക്ക് ഉള്ള മറുപടി. സ്വന്തം വീട്ടിലെ സന്തോഷം നോക്കാതെ, വല്ലവന്റെയും വീട്ടില്‍ എത്തി നോക്കി കുറ്റം പറയുന്നത്തിന് മലയാളികളെ കഴിഞ്ഞേ ഉള്ളു ആളുകള്‍! എന്തായാലും അടിപൊളി… രാവിലെ തന്നെ നല്ല ഒരു കാഴ്ച കണ്ടു എന്നും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കാന്‍ സാധിക്കട്ടെ’ എന്നായിരുന്നു മറ്റൊരു കമന്റ്.

‘ഇതൊരു ഒന്നൊന്നര അടി ആയി പോയി എല്ലാവര്‍ക്കും, എന്തായാലും ഇനി യെങ്കിലും പോയി മറ്റുള്ളവര്‍ അരി അടുപ്പത് ഇടുക.. ഇവരുടെ പുറകെ നടന്നു കഞ്ഞി വെക്കാന്‍ മറന്നു പോയവര്‍ ആണ് കൂടുതല്‍ പേരും’, എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളും ഉണ്ട്.

2022 മെയിലായിരുന്നു അമൃതയുമായി പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ അറിയിച്ചത്.’പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ‘ അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഗോപി സുന്ദര്‍ കുറിച്ചത്.