17
Nov 2024
Wed
17 Nov 2024 Wed
Google map death

ലഖ്നൗ: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വഴി മാപ്പില്‍ നിന്ന് നീക്കി ഗൂഗിള്‍.(Google map remove route after causing three death)  യുപിയിലെ ബദൗന്‍ ജില്ലയിലെ തകര്‍ന്ന പാലത്തിലേക്കുള്ള വഴിയാണ് നിര്‍ദേശത്തില്‍ നിന്ന് ഗൂഗിള്‍ മാപ്പ് നീക്കിയത്. മാപ്പ് നോക്കി വണ്ടിയോടിച്ച് മൂന്ന് പേര്‍ കഴിഞ്ഞ ദിവസം രാംഗംഗ നദിയില്‍ വീണ് മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹസംഘം സഞ്ചരിച്ചിരുന്ന വണ്ടി ഞായറാഴ്ചയാണ് നദിയിലേക്ക് വീണ് അപകടമുണ്ടാകുന്നത്. നിതിന്‍, അമിത്, അജിത് എന്നീ സഹോദരങ്ങളായിരുന്നു വണ്ടിയില്‍. നോയിഡയില്‍ നിന്ന് ബറേലിയിലേക്കായിരുന്നു ഇവരുടെ യാത്ര.

അപകടത്തിന് പിന്നാലെ ഗൂഗിള്‍ അധികൃതരോട് പൊലീസ് വിവരം തേടുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവം അന്വേഷിക്കുകയാണെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ തകര്‍ന്ന പാലത്തിലേക്കുള്ള റൂട്ട്, മാപ്പില്‍ നിന്ന് ഗൂഗിള്‍ നീക്കിയിരിക്കുന്നത്.

ALSO READ:കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

അപകടത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലം തകര്‍ന്നുവെന്ന് കാട്ടി ഒരു സൂചനാബോര്‍ഡ് പോലും പൊതുമരാമത്ത് വകുപ്പ് വച്ചിരുന്നില്ല. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

2003 സെപ്റ്റംബറിലുണ്ടായ പ്രളയത്തിലാണ് മൂഡ ഗ്രാമത്തിലെ ദതാജംഗ്-ഫരീദ്പൂര്‍ റോഡിന് സമീപമുള്ള പാലത്തിന്റെ ഒരു ഭാഗം തകരുന്നത്. അന്ന് തൊട്ട് ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിട്ടിരുന്നില്ല. എന്നാല്‍, ഇക്കാര്യം അപ്‌ഡേറ്റ് ചെയ്യാത്തതാണ് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തവര്‍ അപകടത്തില്‍ പെടാന്‍ കാരണം. മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയിലും നദിയിലും കാര്‍ വീണ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.