അസമിലെ ഗുവാഹത്തിയിലുള്ള ഹോട്ടലിൽ നടന്ന വെടിവെപ്പിൽ ഹോട്ടൽ ഉടമയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരാൾ കടയിൽ പ്രവേശിച്ച് മറ്റൊരാൾക്ക് നേരെ തൊട്ടടുത്തുനിന്ന് വെടിയുതിർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അസം പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) നിയോഗിച്ചു.
|
ഉലുബാരിയിലെ ഹോട്ടൽ ബിലാസ് ഇന്നിലാണ് സംഭവം. ഹോട്ടൽ ഉടമയും കെട്ടിടം പാട്ടത്തിനെടുത്ത വ്യക്തിയും തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹോട്ടൽ ഉടമ ഹെലേന ഭാരാലി, മകൻ ദേവർഷി കശ്യപ്, ദേവർഷിയുടെ ഭാര്യ റിനിക കശ്യപ്, കുടുംബത്തിന്റെ ബന്ധുവായ നാരായൺ ദാസ്, ഹെലേനയുടെ സഹോദരൻ ഭൂദേവ് ഭാരാലി എന്നിവരാണ് മരിച്ചത്. വെടിയേറ്റ സത്യേന്ദ്ര പഥക് (43) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഹോട്ടലിലെ റിസപ്ഷൻ ഭാഗത്തുനിന്ന് നാല് പേരെയും സമീപന റോഡിൽനിന്ന് പരിക്കേറ്റ രണ്ടുപേരെയും കണ്ടെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചു.
പാട്ടക്കരാറുമായി ബന്ധപ്പെട്ട തർക്കം
2025 സെപ്റ്റംബർ 10-ന് ഹോട്ടൽ ഉടമകൾ പ്രതിയുമായി അഞ്ചുവർഷത്തെ പാട്ടക്കരാറിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിമാസം ഏകദേശം 1.8 ലക്ഷം രൂപയായിരുന്നു വാടക. പ്രതി കെട്ടിടത്തിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയതിനു പിന്നാലെ സ്ഥലത്തിന്റെ ഉപയോഗവും ചില സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ 2026 ഒക്ടോബർ 26-ന് ഹോട്ടലിൽ യോഗം നിശ്ചയിച്ചിരുന്നു.
എന്നാൽ യോഗം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങി. പിന്നാലെ പ്രതി ആറുപേർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഘനകാന്ത ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
എസ്‌ഐടിക്ക് നേതൃത്വം ജോയിന്റ് പൊലീസ് കമ്മീഷണർക്ക്
ജോയിന്റ് പൊലീസ് കമ്മീഷണർ അങ്കുർ ജെയിനിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്. ഫോറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ, വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ, സംഭവവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങൾ എന്നിവ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെയും (സിഐഡി) ഫോറൻസിക് സയൻസ് ലബോറട്ടറിയിലെയും (എഫ്എസ്എൽ) ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. .32 കാലിബർ തോക്കിന്റെ ഉപയോഗിച്ച കാട്രിജുകളും പൊട്ടിക്കാത്ത വെടിയുണ്ടകളും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





