ബസ് യാത്രയ്ക്കിടെ രണ്ടുലക്ഷം രൂപ അപഹരിച്ച രണ്ട് യുവതികളെ പിന്തുടര്‍ന്ന് പിടികൂടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്. നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും എന്‍എസ്എസ് താലൂക്ക് വനിതാ യൂനിയന്‍ പ്രസിഡന്റുമായ ജലജാ സുരേഷ് ആണ് മോഷ്ടാക്കള്‍ അപഹരിച്ച തന്റെ രണ്ടുലക്ഷം രൂപ സമയോചിത ഇടപെടലിലൂടെ തിരികെ പിടിച്ചത്. തമിഴ്‌നാട് സ്വദേശിനികളാണ് പിടിയിലായത്.
|
പോസ്റ്റോഫിസ് ആര്‍ഡി ഏജന്റ് കൂടിയായ ജലജാ സുരേഷ് കുണ്ടറ പോസ്റ്റ് ഓഫിസില്‍ പോയി കെഎസ്ആര്‍ടിസി ബസ്സില്‍ മടങ്ങിവരുമ്പോഴായിരുന്നു ഇവരുടെ ബാഗിലുണ്ടായിരുന്ന രണ്ടുലക്ഷത്തോളംരൂപ യുവതികള്‍ അപഹരിച്ചത്.സ്റ്റോപ്പില്‍ ഇറങ്ങിയതിനു പിന്നാലെയായിരുന്നു ഇക്കാര്യം ജലജയ്ക്കു ബോധ്യമായത്. തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ച് ബസ്സിനെ പിന്തുടര്‍ന്നാണ് പാതിവഴിയില്‍ ഇറങ്ങിയ യുവതികളെ പിടികൂടിയത്.
സംഭവം ഇങ്ങനെ:
1.50ന് പള്ളിമുക്കില്‍നിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ജലജ കയറി. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോള്‍, ഒപ്പം ഇറങ്ങാനെന്ന വ്യാജേനയെത്തിയ രണ്ട് സ്ത്രീകള്‍ പിന്നില്‍നിന്ന് തള്ളുകയും ‘ചന്തമുക്ക് ആയോ’ എന്നു തിരക്കുകയും ചെയ്തു. ഇല്ലെന്ന് പറഞ്ഞതോടെ ഇവര്‍ സീറ്റിലേക്ക് മടങ്ങി.
ബസ്സില്‍ നിന്നിറങ്ങിയ ജലജ സംശയം തോന്നി ബാഗ് നോക്കിയപ്പോഴാണ് സിപ് തുറന്നുകിടക്കുന്നതും പണം നഷ്ടമായതും അറിയുന്നത്. ഇതിനുപിന്നാലെ ഓട്ടോറിക്ഷയില്‍ കയറി ബസിനെ പിന്തുടര്‍ന്നു. ചന്തമുക്കില്‍ വാഹനത്തിരക്കില്‍ കുരുങ്ങിയെങ്കിലും ട്രാഫിക് പോലിസ് ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതോടെ ഓട്ടോറിക്ഷ കടത്തിവിട്ടു. ഈ സമയം ചന്തമുക്കില്‍ ബസിറങ്ങിയ മോഷ്ടാക്കള്‍ മറ്റൊരു ഓട്ടോയില്‍ കയറിയിരുന്നു. ഇതുകണ്ട് ഓട്ടോയില്‍നിന്ന് ചാടിയിറങ്ങിയ ജലജ ഇവര്‍ കയറിയ ഓട്ടോയുടെ ഹാന്‍ഡിലില്‍ പിടിച്ചുനിര്‍ത്തുകയും രണ്ടു സ്ത്രീകളെയും പുറത്തിറക്കുകയും ചെയ്തു.
ഇതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും സാരിയില്‍ പിടിച്ചുനിര്‍ത്തി. ഇതിനിടെ സ്ത്രീകളുടെ ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന നോട്ടുകെട്ടുകള്‍ താഴെവീണു. തങ്ങളല്ല മോഷ്ടിച്ചതെന്നും പണം ജലജയുടെ ബാഗില്‍നിന്ന് വീണതാണെന്നും പറഞ്ഞ് തടിയൂരാനും സ്ത്രീകള്‍ ശ്രമിച്ചു. പോലീസെത്തുന്നതുവരെ ഇരുവരെയും ജലജ തടഞ്ഞുനിര്‍ത്തി. പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവര്‍ സ്ഥിരം മോഷ്ടാക്കളാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





