ഹല്‍ദ്വാനി (ഉത്തരാഖണ്ഡ്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എബിവിപി വിദ്യാര്‍ത്ഥി നേതാവ് ഉള്‍പ്പെടെ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി മുഖാനി പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.
|
ഹല്‍ദ്വാനിയിലെ എം.ബി.പി.ജി (MBPG) കോളേജില്‍ ഈ വര്‍ഷം നടന്ന സ്റ്റുഡന്റ് യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ധീരജ് ബിഷ്ട് ആണ് പിടിയിലായ പ്രധാന പ്രതികളില്‍ ഒരാള്‍. നിതിന്‍ പാല്, അന്‍ഷ് ഖത്രി, ഹിമാന്‍ഷു ഗോണി എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്.
പിടിയിലായ നാലുപേരും നഗരത്തിലെ കുപ്രസിദ്ധമായ ‘ഐടിഐ ഗ്യാങ്’ എന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.
അവശനിലയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടി; ആറ് മണിക്കൂറിനുള്ളില്‍ പ്രതികള്‍ വലയില്‍
വ്യാഴാഴ്ച രാത്രിയോടെ നാല് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ 16 വയസ്സുള്ള മകളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മുഖാനിയിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം നല്കിയ പരാതിയില്‍ പറയുന്നു. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ അവശനിലയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ഏറെ പ്രയാസപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ കാര്യം തിരക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടി നടന്ന ക്രൂരതകള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വ്യാഴാഴ്ച രാത്രി വൈകി മുഖാനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
പരാതി ലഭിച്ചയുടന്‍ പോക്സോ നിയമപ്രകാരവും കൂട്ടബലാത്സംഗ വകുപ്പുകള്‍ പ്രകാരവും കേസെടുത്ത പൊലീസ് രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. മഞ്ജുനാഥ് ടി.സിയുടെ മേല്‍നോട്ടത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സുശീല്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം പരാതി ലഭിച്ച് ആറ് മണിക്കൂറിനുള്ളില്‍ വെള്ളിയാഴ്ച ഉച്ചയോടെ നാല് പ്രതികളെയും വലയിലാക്കി.
ഹോട്ടല്‍ ഉടമയ്ക്കെതിരെയും നടപടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഹോട്ടല്‍ അധികൃതര്‍ യുവാക്കള്‍ക്ക് മുറി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു.
അതേസമയം, പ്രധാന പ്രതികളിലൊരാള്‍ക്ക് എബിവിപിയുമായുള്ള ബന്ധം പുറത്തുവന്നതോടെ സംഭവം ഉത്തരാഖണ്ഡില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിക്കെതിരെയും വിദ്യാര്‍ത്ഥി സംഘടനയ്ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ‘സീറോ ടോളറന്‍സ്’ (വിട്ടുവീഴ്ചയില്ലാത്ത) നിലപാടാണ് പൊലീസിനുള്ളതെന്നും, പ്രതികള്‍ ഏത് സംഘടനയില്‍ പെട്ടവരായാലും മുഖം നോക്കാതെ കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും എസ്.എസ്.പി ഡോ. മഞ്ജുനാഥ് ടി.സി വ്യക്തമാക്കി.
Tags: Haldwani Gangrape Case, Uttarakhand Crime News, ABVP Leader Arrested, Dheeraj Bisht, POCSO Act, Mukhani Police Station, National News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





