ഡല്‍ഹി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ഏര്‍പ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീല്‍ തള്ളി. നാല് കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീല്‍ കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ ചുമത്തിയത്.
|
മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫ് മത്സരത്തിലാണ് റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിട്ടത്. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ ചുമത്തുകയായിരുന്നു.


