20
Dec 2023
Sat
20 Dec 2023 Sat

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തില്‍ മോദിവിരുദ്ധ, ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായതും ഖലിസ്ഥാന്‍ വാദത്തെ അനുകൂലിക്കുന്നതുമായ മുദ്രാവാക്യങ്ങള്‍. കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലുള്ള സ്വാമിനാരായണ്‍ മന്ദിര്‍ വസ്‌ന സന്‍സ്ത ക്ഷേത്രത്തിലാണ് ഖാലിസ്ഥാന്‍ വാദികള്‍ ക്ഷേത്രമതിലില്‍ മുദ്രാവാക്യങ്ങള്‍ എഴുതിവച്ചത്. നരേന്ദ്രമോദി ഭീകരവാദിയാണ്, ശഹീദ് ബിന്ദ്രന്‍വാല തുടങ്ങിയവയാണ് കറുപ്പ് മഷികൊണ്ട് ക്ഷേത്ര ബോര്‍ഡില്‍ എഴുതിവച്ചത്.

അമേരിക്കയിലെ അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷനാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഖാലിസ്ഥാനി മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് സംഘടന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ നെവാര്‍ക്ക് പോലീസിനും പൗരാവകാശ ഓഫീസര്‍മാര്‍ക്കും ക്ഷേത്ര കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിദ്വേഷ കുറ്റകൃത്യമായി പോലീസ് അന്വേഷിക്കണമെന്നാണ് അമേരിക്കന്‍ ഹിന്ദു ഫൗണ്ടേഷന്റെ ആവശ്യം.

നേരത്തെ കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലും സമാനമായ രീതിയില്‍ എഴുതിവച്ചിരുന്നു. ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണ്‍ 18 ന് കാനഡയില്‍ വെടിയേറ്റ് മരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്ര പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഖലിസ്ഥാന്‍ നേതാവ് പന്നൂനിന് നേരെ യു.എസില്‍ കൊലപാതകശ്രമം ഉണ്ടായതും വിവാദങ്ങള്‍ക്കിടയാക്കി. ഈ സംഭവങ്ങള്‍ക്കിടെയാണ് നെവാര്‍ക്കിലുള്ള സ്വാമിനാരായണ്‍ മന്ദിര്‍ വസ്‌ന സന്‍സ്ത ക്ഷേത്രത്തിന് നേര്‍ക്കും അതിക്രമം ഉണ്ടായിരിക്കുന്നത്.