04
Jan 2026
Tue
04 Jan 2026 Tue
ADI CHENNAI KILLED

ചെന്നൈ: പ്രസവിച്ച് കിടന്നിരുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും. കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട ആദി (23) ആണ് കൊല്ലപ്പെട്ടത്. കൊളത്തൂര്‍ മഹാത്മാ ഗാന്ധി നഗര്‍ സ്വദേശി ആദി കൊലപാതക കേസില്‍ പ്രതിയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാര്‍ത്തിക് എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട ആദി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകശ്രമം ഉള്‍പ്പെടെ ഏഴിലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഞായറാഴ്ച രാത്രി തന്റെ സഹപാഠിയായിരുന്ന സുചിത്രയെ (21) കാണാനാണ് ആദി ആശുപത്രിയിലെത്തിയത്. സുചിത്രയുടെ അകാലത്തില്‍ ജനിച്ച കുഞ്ഞ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചിരുന്നു. സുചിത്രയെ കണ്ട് മടങ്ങിയ ആദി ആശുപത്രിയിലെ വെയിറ്റിംഗ് ഏരിയയില്‍ തുടരുകയായിരുന്നു.

നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് ആദിയും സുചിത്രയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ആദിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ മദ്യപിച്ചെത്തിയ ആദി പ്രസവ വാര്‍ഡിന് സമീപം നിന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. ആദിയെ കുറിച്ച് ആശുപത്രി ജീവനക്കാരിയാണ് യുവതിയുടെ ഭര്‍ത്താവിന് വിവരം നല്‍കിയതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ‘അഹങ്കാരിയായ ചൂതാട്ടക്കാരാ, യുദ്ധക്കളത്തില്‍ ഞങ്ങള്‍ എത്തരക്കാരാണെന്ന് കാണിച്ചുതരാം…’ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

പുലര്‍ച്ചെ 3.30-ഓടെ സുചിത്രയുടെ ഭര്‍ത്താവ് സൂര്യയും സംഘവും സ്ഥലത്തെത്തി ആദിയെ വളയുകയും ആയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ആദി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അന്വേഷണം ഊര്‍ജിതം

സംഭവത്തെത്തുടര്‍ന്ന് കില്‍പ്പോക്ക് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതികളായ സൂര്യ, അലിഭായ്, കാര്‍ത്തിക് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ കെ.എസ്. നരേന്ദ്രന്‍ നായര്‍, ജോയിന്റ് കമ്മീഷണര്‍ ബന്ദി ഗംഗാധര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും സ്ത്രീകളടക്കം ആറുപേരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

പത്തു ദിവസം മുന്‍പാണ് ആദി ജാമ്യത്തില്‍ ഇറങ്ങിയത്. കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് ആദിയും മറ്റൊരാളും ആശുപത്രി ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. 2023-ല്‍ രാജമംഗലത്ത് നടന്ന പളനി എന്നയാളുടെ കൊലപാതകത്തില്‍ ആദിക്ക് പങ്കുണ്ടായിരുന്നു. ഈ പകയാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

തമിഴ്നാട് കൊലക്കളമാകുന്നുവെന്ന് എടപ്പാടി പളനിസ്വാമി

ആശുപത്രിയിലുണ്ടായ ഈ അക്രമസംഭവത്തെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ശക്തമായി അപലപിച്ചു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആശുപത്രികള്‍ കൊലക്കളങ്ങളായും കഞ്ചാവ് താവളങ്ങളായും മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ പക്കലുള്ള ആഭ്യന്തര വകുപ്പ് ഭരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനം റൗഡികളുടെ താവളമായി മാറുന്നത് അദ്ദേഹം അറിയുന്നില്ല,’ എന്ന് പളനിസ്വാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്ഥിരമായി ഒരു ഡിജിപിയെ നിയമിക്കാത്തത് ക്രമസമാധാന നിലയെ ബാധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.