29
Oct 2025
Sat
29 Oct 2025 Sat
Indian railway blanket ട്രെയിന്‍ എസി കോച്ചുകളില്‍ വെള്ള കമ്പിളി പുതപ്പ് ഒഴിവാക്കുന്നു; ഇനി പ്രിന്റഡ് ബ്ലാങ്കറ്റ്

ട്രെയിന്‍ യാത്രകളില്‍ എസി കോച്ചുകളില്‍ ലഭിക്കാറുള്ള വെള്ള കമ്പിളി പുതപ്പുകള്‍ ഒഴിവാക്കാനുള്ള പദ്ധതിയുമായി റെയില്‍വേ. വെള്ള കമ്പിളി പുതപ്പുകള്‍ക്ക് വൃത്തിയില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. വെള്ള കമ്പിളി പുതപ്പുകള്‍ക്ക് പകരം സാന്‍ഗനേരി പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകള്‍ നല്‍കുന്ന പദ്ധതി ജയ്പൂര്‍- അസര്‍വ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് ആരംഭിച്ചത്. ജയ്പൂരിലെ ഖാതിപുര റെയില്‍വേ സ്റ്റേഷനിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

whatsapp ട്രെയിന്‍ എസി കോച്ചുകളില്‍ വെള്ള കമ്പിളി പുതപ്പ് ഒഴിവാക്കുന്നു; ഇനി പ്രിന്റഡ് ബ്ലാങ്കറ്റ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാനിലെ പരമ്പരാഗത കൈത്തറിയായ സാന്‍ഗനേരിയില്‍ നിന്നുള്ള പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. വെള്ള പുതപ്പുകള്‍ മാറ്റണമെന്ന ഏറെക്കാലമായുള്ള നിരവധി യാത്രികരുടെ ആവശ്യമാണ് കഴുകാന്‍ സാധിക്കുന്ന പുതിയ പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളുടെ വരവോടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

ദീര്‍ഘകാലം ഉപയോഗിക്കാവുന്ന എളുപ്പം കഴുകി ഉണക്കാവുന്ന പുതപ്പുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പൈലറ്റ് പദ്ധതിയായാണ് ജയ്പൂര്‍-അസര്‍വ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയമെന്നു കണ്ടാല്‍ പദ്ധതി കൂടുതല്‍ ട്രെയിനുകളിലേക്കു വ്യാപിപ്പിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Sanganeri printed blanket

യാത്രികരുടെ സൗകര്യത്തിനൊപ്പം ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ കൂടി രേഖപ്പെടുത്തുന്നവയാണ് പുതിയ സാന്‍ഗനേരി പ്രിന്റഡ് ബ്ലാങ്കറ്റ് കവറുകളെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ട്രെയിനുകളില്‍ എസി കോച്ചുകളില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ക്കാണ് പുതപ്പ് നല്‍കാറുള്ളത്. ഒരു കമ്പിളി പുതപ്പും രണ്ട് പുതപ്പുകളും ഒരു തലയിണയുമാണ് ഒരു കിറ്റായി നല്‍കുക. ഫസ്റ്റ് എസി, സെക്കന്‍ഡ് എസി യാത്രികര്‍ക്ക് ഒരു സെറ്റ് ലഭിക്കും. ദീര്‍ഘദൂര യാത്രകളില്‍ തേഡ് എസി യാത്രികര്‍ക്കും ഇത് ലഭിക്കും. അതേസമയം പകല്‍ മാത്രം നീളുന്ന യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും പുതപ്പ് കിറ്റ് ലഭിക്കുകയില്ല. എക്സിക്യൂട്ടീവ്, ചെയര്‍ കാര്‍ ക്ലാസുകളിലെ യാത്രികര്‍ക്കും പുതപ്പ് ലഭിക്കില്ല.

എന്താണീ സാംഗനേരി

sanganeri

സാംഗനേര്‍ എന്ന സ്ഥലത്തിന്റെ പേരില്‍ അറിയപ്പെടുന്ന ബ്ലോക്ക് പ്രിന്റിംഗ് രീതിയാണ് സാംഗനേരി. ജയ്പൂരിനടുത്തുള്ള ഒരു ചെറിയ പട്ടണമാണിത്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൈകൊണ്ട് ചെയ്യുന്ന ബ്ലോക്ക് പ്രിന്റിംഗ് സാങ്കേതികവിദ്യക്ക് ഇത് പ്രശസ്തമാണ്.

ഈ പ്രിന്റുകളില്‍ പൂക്കളുടെ രൂപങ്ങള്‍, നേര്‍ത്ത വരകള്‍, മനോഹരമായ ഇളം നിറങ്ങള്‍ എന്നിവ കാണാം. പരമ്പരാഗതമായി ചിപ്പ സമുദായക്കാരാണ് ഇത് നിര്‍മ്മിക്കുന്നത്. സാംഗനേരി പാറ്റേണുകള്‍ സാധാരണയായി ചെറുതും, മികച്ചതും, ആവര്‍ത്തിച്ച് ചെയ്യാന്‍ കഴിയുന്നതുമാണ്. ചെറിയ, അടുത്തടുത്തുള്ള പൂവള്ളികള്‍, പ്രകൃതിദത്തമായ രൂപങ്ങള്‍ എന്നിവ കൃത്യമായ ബ്ലോക്ക് പ്രിന്റുകളായി ഇതില്‍ ഉപയോഗിക്കുന്നു.

എന്ത് കൊണ്ട് സാംഗനേരി
ശുചിത്വം, ചെലവ്, വന്‍തോതിലുള്ള ഉത്പാദനം എന്നിവയില്‍ ഒരു സന്തുലിതാവസ്ഥ ആവശ്യമുള്ള റെയില്‍വേ പോലുള്ള ആവശ്യങ്ങള്‍ക്ക് സാംഗനേരി പ്രിന്റിംഗ് നിരവധി ഗുണങ്ങള്‍ നല്‍കുന്നു:

സാധാരണ വെള്ള നിറത്തേക്കാള്‍ എളുപ്പത്തില്‍ പാറ്റേണുകള്‍ തുണിയിലെ പഴക്കം, കറ, തേയ്മാനം എന്നിവയെ മറച്ചുപിടിക്കുന്നു.

കോട്ടണ്‍ അല്ലെങ്കില്‍ ബ്ലെന്‍ഡഡ് തുണികളില്‍ ഈ പ്രിന്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ഇവ എളുപ്പത്തില്‍ കഴുകാനും സാധിക്കുന്നു.

ഇത് സാംസ്‌കാരിക ബ്രാന്‍ഡിംഗിനും (Cultural branding) കൈത്തൊഴിലുകാരുടെ ഉപജീവനത്തിനും (livelihoods) പിന്തുണ നല്‍കുന്നു.