22
Oct 2025
Fri
22 Oct 2025 Fri
Asaduddin Owaisi

Asaduddin Owaisi is backing Congress  ഹൈദരാബാദ്: അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) പാര്‍ട്ടിയെ കോണ്‍ഗ്രസ് എപ്പോഴും ആക്ഷേപിക്കാറുള്ളത് ബിജെപിയുടെ ബി ടീം എന്നാണ്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ബിജെപിയുടെ പണം വാങ്ങിയാണെന്നും ബിജെപിയെ സഹായിക്കാനാണ് ഇതെന്നുമാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാലിപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഉവൈസി. തെലങ്കാനയിലെ തീപാറുന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് ഉവൈസിയുടെ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവിനെ പിന്തുണയ്ക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചത്. മുസ്‌ലിം വോട്ടര്‍മാര്‍ ധാരാളമുള്ള മണ്ഡലത്തില്‍ എഐഎംഐഎമ്മിന്റെ തീരുമാനം കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ നല്‍കുന്നതാണ്.

നേരത്തെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്)യുമായിട്ടായിരുന്നു എ.ഐ.എം.ഐ.എം സഖ്യം രൂപീകരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഇതാദ്യമായി കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ 34.7% ഉണ്ടായിരുന്ന ബിആര്‍എസിന്റെ വോട്ടുവിഹിതം 2024ല്‍ 15% ആയികുത്തനെ കുറഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉവൈസി പറയുന്നത്.

ALSO READ: റോഡില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ വിജയ് ഇനി പറന്നു വരും; നാല് ഹെലികോപ്ടറുകള്‍ വാങ്ങുന്നു

തെലങ്കാന രൂപീകരണത്തിന് മുമ്പ് എ.ഐ.എം.ഐ.എം കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. എന്നാല്‍, 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ് അധികാരം പിടിച്ചെടുത്ത ശേഷം കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. ”ബിജെപിയെ തടയുമെന്ന് വിശ്വസിച്ചാണ് ബിആര്‍എസിനെ പിന്തുണച്ചത്. എന്നാല്‍, ബിആര്‍എസിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് സീറ്റ് ഉള്‍പ്പെടുന്ന സെക്കന്തരാബാദില്‍, ബിജെപി നേതാവ് ജി കിഷന്‍ റെഡ്ഡിയാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ ഉയര്‍ച്ചയ്ക്ക് ബിആര്‍എസ് വോട്ടുകള്‍ പതിച്ചുനല്‍കി’ -ഉവൈസി ചൂണ്ടിക്കാട്ടി.

ബി.ആര്‍.എസ് ഭരണത്തിന് കീഴില്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചതായും ഉവൈസി പറഞ്ഞു. മരണംവരെ ഈ സീറ്റിനെ പ്രതിനിധീകരിച്ച ബിആര്‍എസിന്റെ മാഗന്തി ഗോപിനാഥ് മണ്ഡലത്തിലെ നാല് ലക്ഷം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ നവീന്‍ യാദവും ബിആര്‍എസിന്റെ മാഗന്തി സുനിതയും ബിജെപിയുടെ ലങ്കാല ദീപക് റെഡ്ഡിയുമാണ് ഇത്തവണ ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഏതായാലും ബിജെപി സ്ഥാനാര്‍ഥിക്കെതിരേ ഉവൈസിയുട പിന്തുണയോടെ കോണ്‍ഗ്രസ് വിജയിക്കുമോ എന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.