10
Feb 2026
Sat
10 Feb 2026 Sat

ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ രാജ്യത്തെ ആദ്യ സമഗ്ര അവയവമാറ്റ ആശുപത്രി നിര്‍മിക്കുന്നു. 617 കോടി രൂപ ചെലവിട്ടാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് എന്ന പേരില്‍ ആശുപത്രി സ്ഥാപിക്കുന്നത്.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട ചെലവ് 299 കോടി രൂപയാണ്. ഇതിന് പുറമെ ഉപകരണങ്ങള്‍ക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 350 കിടക്കകള്‍, ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്റര്‍, 10 ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവ ഒരുക്കും. ആശുപത്രിയില്‍ 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിവിഷനുകളും പ്രവര്‍ത്തിക്കും. എട്ട് നിലകളിലായാണ് നിര്‍മാണം.

ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും വേണ്ടിയുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കും. 31 അക്കാദമിക് കോഴ്സുകള്‍ക്കും പദ്ധതിയുണ്ട്.

വര്‍ഷംതോറും 1,100 കോര്‍ണിയ ട്രാന്‍സ്പ്ലാന്റുകള്‍, 520 വൃക്ക ട്രാന്‍സ്പ്ലാന്റുകള്‍, 320 കരള്‍ ട്രാന്‍സ്പ്ലാന്റുകള്‍, 50 ഹൃദയ ട്രാന്‍സ്പ്ലാന്റുകള്‍,
40 ശ്വാസകോശ ട്രാന്‍സ്പ്ലാന്റുകള്‍, 120 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റുകള്‍, 15ആന്ത്ര ട്രാന്‍സ്പ്ലാന്റുകള്‍,15പാന്‍ക്രിയാസ് ട്രാന്‍സ്പ്ലാന്റുകള്‍,
300 സോഫ്റ്റ് ടിഷ്യു/വിരല്‍/കൈ/എല്ല്/മുഖം ട്രാന്‍സ്പ്ലാന്റുകള്‍
എന്നിവ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. അവയവമാറ്റ ചികിത്സാ രംഗത്ത് കേരളത്തെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയായാണ് ഇതിനെ സര്‍ക്കാര്‍ വിലയിരുത്തുന്നത്.