28
Mar 2026
Sat
28 Mar 2026 Sat
iran attack in israel

ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ ശക്തമായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെല്‍ അവീവില്‍ 60 വയസ്സ് പ്രായമുള്ള ഒരാളാണ് മരിച്ചതെന്ന് മാഗന്‍ ഡേവിഡ് അഡോം എമര്‍ജന്‍സി സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിസൈല്‍ പതിച്ച സ്ഥലങ്ങളില്‍ അടിയന്തര പ്രതികരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് ഒരു പ്രധാന റോഡ് ഭാഗികമായി അധികൃതര്‍ അടച്ചു. ജറൂസലമിലും പരിസര പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയും ജെറിക്കോയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ജറൂസലമിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്ന ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ പുറത്തുവിട്ടു.

ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണെന്ന് ഇസ്രായേല്‍ സൈന്യ അറിയിച്ചു. നിലവില്‍ മധ്യ ഇസ്രായേലിലെ വിവിധ ഭാഗങ്ങളില്‍ റിസര്‍വ്, റെഗുലര്‍ സേനകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയും ഇറാനില്‍ നിന്ന് കൂടുതല്‍ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.

തങ്ങളുടെ ആണവ നിലയങ്ങള്‍ക്കും സ്റ്റീല്‍ ഫാക്ടറികള്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലില്‍ ഇതുവരെ 19 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവരും വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു.

യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്

ഇറാനെതിരായ സൈനിക നീക്കം ഒരു മാസം പിന്നിടാനൊരുങ്ങുമ്പോഴും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം ഇപ്പോഴും അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലാണെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാതെ പിന്മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ തിരിച്ചടികള്‍ തുടരുമെന്നാണ് ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

കളത്തിലിറങ്ങി ഹൂത്തികള്‍

അതേസമയം, സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി യെമനില്‍ നിന്ന് ഇസ്രായിലിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഇതിനെത്തുടര്‍ന്ന് മധ്യ ഇസ്രായിലില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങി. ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഹൂതികള്‍ നടത്തുന്ന ഇടപെടലുകള്‍ പശ്ചിമേഷ്യയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുകയാണ്.

ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് യെമനില്‍ നിന്നുള്ള ഈ പ്രത്യാക്രമണം. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. വരും ദിവസങ്ങളില്‍ മേഖലയില്‍ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.