ഹോര്‍മുസ് കടലിടുക്ക് തുറക്കാനും വെടിനിര്‍ത്തലിനുമായി ഇറാന്‍ മുന്നോട്ടുവച്ച പത്തിന നിര്‍ദേശങ്ങളില്‍ വെള്ളിയാഴ്ച പാകിസ്താനിലെ ഇസ് ലാമാബാദില്‍ യുഎസുമായി ചര്‍ച്ച നടക്കും. ഇറാന്റെ നാഗരികത ഉന്മൂലനം ചെയ്യുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് അവസാന നിമിഷത്തില്‍ പിന്‍വലിച്ച് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ ആവശ്യങ്ങള്‍ പാകിസ്താനില്‍ വച്ച് ചര്‍ച്ച ചെയ്യുന്നത്. ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സിലും യുഎസ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച ഫലം കണ്ടാല്‍ ശാശ്വത വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നേക്കും.
|
ഫെബ്രുവരി 28ന് ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ലോകമെങ്ങും ഇന്ധനപ്രതിസന്ധിയുണ്ടാവുകയുമായിരുന്നു. യുദ്ധത്തിന്റെ നഷ്ടപരിഹാരം നല്‍കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന പിടിവാശിയിലായിരുന്നു ഇറാനുണ്ടായിരുന്നത്. സൗഹൃദരാജ്യങ്ങളിലേക്കുള്ള ചരക്കുകപ്പലുകള്‍ മാത്രമായിരുന്നു ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വിട്ടയച്ചത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സൈനിക നീക്കം നടത്താന്‍ ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളോട് അടക്കം ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇവരെല്ലാം ആവശ്യം തള്ളുകയായിരുന്നു. കടലിടുക്ക് തുറക്കാനുള്ള ട്രംപിന്റെ അന്ത്യശാസനകളെല്ലാം ഇറാന്‍ തള്ളിക്കളയുകയും ചെയ്തതോടെയാണ് ട്രംപ് ചൊവ്വാഴ്ച രാത്രി ഇറാനെ ആക്രമിച്ചു നശിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചാല്‍ മേഖലയ്ക്കു പുറത്തേക്ക് തിരിച്ചടി വ്യാപിപ്പിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഊര്‍ജകേന്ദ്രങ്ങളും പാലങ്ങളും ആക്രമിക്കുന്നത് തടയാന്‍ മനുഷ്യമതിലും ഇറാനില്‍ രൂപപ്പെട്ടിരുന്നു.
ഇറാനില്‍ തങ്ങള്‍ സൈനിക ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതായും ഇറാനുമായി ദീര്‍ഘകാല സമാധാന കരാറുമായി എത്തിച്ചേരുന്നതിന് വളരെ അടുത്താണുള്ളതെന്നും ട്രംപ് തന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യലില്‍ പറയുന്നു.




