23
Sep 2024
Tue
23 Sep 2024 Tue
Ayatollah Ali Khamenei

തെഹ്‌റാന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്കു നേരെ കണ്ണടയ്ക്കാനാവില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.(Iran’s Ayatollah Ali Khamenei’s ‘Muslims in India’ remark has angered New Delhi)  പ്രവാചക ജന്മദിനത്തില്‍ ആശംസ നേരവേയാണ് ഖാംനഇയുടെ വിവാദ പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഇസ്ലാമിക സമൂഹം എന്ന നിലയിലുള്ള നമ്മുടെ ആശയപരമായ ഐക്യത്തിന് തുരങ്കം വയ്ക്കാന്‍ ഇസ്ലാമിന്റെ ശുത്രുക്കള്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. മ്യാന്‍മര്‍, ഗസ്സ, ഇന്ത്യ തുടങ്ങി ലോകത്തിന്റെ ഏത് ഭാഗത്തുള്ള മുസ്ലിംകളുടെയും നേരെ കണ്ണടക്കുകയാണെങ്കില്‍ നമ്മളെ മുസ്ലിംകളാണെന്ന് കണക്കാക്കാനാവില്ല”- പ്രവാചക ജന്മദിന സന്ദേശത്തില്‍ ഖാനഇ എക്‌സില്‍ കുറിച്ചു.

എന്നാല്‍, ഖാനഇയുടെ പ്രസ്താവനയില്‍ ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി. ”ഇറാന്‍ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. ഇത് തെറ്റിദ്ധാരണയും അസ്വീകാര്യവുമാണ്. മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് പ്രസ്താവന ഇറക്കുന്നവര്‍ സ്വന്തം രാജ്യത്തെ അവസ്ഥ ആദ്യം പരിശോധിക്കണം”- ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു.

ഇറാന്‍ പരമോന്നത നേതാവ് ഇത് ആദ്യമായല്ല ഇന്ത്യയിലെ മുസ്ലിംകളെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും പ്രതികരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയ സമയത്ത് ഖാംനഇ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

തങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധമുണ്ടെന്നും എന്നാല്‍, കശ്മീരിലെ ജനങ്ങളോട് ഇന്ത്യ സര്‍ക്കാര്‍ നീതിപൂര്‍വ്വമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ഖാനഇയുടെ പ്രതികരണം. തൊട്ടടുത്ത വര്‍ഷം 2020ല്‍ തീവ്ര ഹിന്ദുക്കളെ ഇന്ത്യന്‍ അധികൃതര്‍ തടയണമെന്നും മുസ്ലിംകളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണമെന്നും ഖാനഇ പ്രസ്താവിച്ചിരുന്നു. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.