നമ്മള് ജീവിക്കുന്ന ഈ വര്‍ധിച്ചുവരുന്ന ധ്രുവീകരിക്കപ്പെട്ട ലോകത്ത്, ഒരുപക്ഷേ മറ്റേതൊരു ചോദ്യത്തേക്കാളും നമ്മെ ഭിന്നിപ്പിക്കുന്ന ഒരു ചോദ്യമുണ്ട് – നിങ്ങള്‍ അതിരാവിലെയാണോ അതോ രാത്രിയിലാണോ കുളിക്കുന്നത്? അതോ ദിവസവും കുളിക്കാത്ത അമേരിക്കന്‍ ജനസംഖ്യയിലെ 34% ആളുകളില്‍ ഒരാളാണോ നിങ്ങള്‍?
|
നിങ്ങള്‍ ഏത് വിഭാഗത്തില്പ്പെട്ടവനാണെങ്കിലും, നിങ്ങളുടെ ഈ തിരഞ്ഞെടുപ്പ് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം.
രാവിലെ കണ്ണുതുറക്കുമ്പോള്‍, നമ്മളില്‍ പലരും ആദ്യം ചെയ്യുന്നത് കുളിക്കാന്‍ കയറുകയാണ്. രാവിലെ കുളിക്കുന്നവര്‍ പലപ്പോഴും പറയാറുണ്ട്, 10 മിനിറ്റ് നേരം ചൂടുവെള്ളത്തില്‍ നില്‍ക്കുന്നത് ഉണരാനും ഉന്മേഷം തോന്നാനും ദിവസമാരംഭിക്കാന് തയ്യാറെടുക്കാനും അവരെ സഹായിക്കുമെന്ന്. എന്നാല്‍, രാത്രിയില്‍ കുളിക്കുന്നവര്‍ വാദിക്കുന്നത്, കിടക്കുന്നതിനു മുന്‍പ് കുളിക്കുന്നത് ദിവസത്തെ അഴുക്കുകള്‍ കഴുകി കളയാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ്.
ശാസ്ത്രം പറയുന്നത് എന്താണ്?

കുളിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലെ അഴുക്ക്, വിയര്‍പ്പ്, എണ്ണമയം എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അന്തരീക്ഷത്തിലെ മലിനീകരണ വസ്തുക്കള്‍, പൊടി, പൂമ്പൊടി എന്നിവയ്ക്കൊപ്പം ഇവ ദിവസം മുഴുവന്‍ നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. രാത്രി കിടക്കുന്നതിനു മുന്‍പ് കുളിക്കുന്നില്ലെങ്കില്, ഈ അഴുക്കുകള്‍ നിങ്ങളുടെ ഷീറ്റുകളിലും തലയിണകളിലും പറ്റിപ്പിടിക്കും.
ഇതുകൊണ്ടും തീരുന്നില്ല. നിങ്ങളുടെ ചര്‍മ്മം സൂക്ഷ്മജീവികളാല്‍ നിറഞ്ഞതാണ്. ഒരു ചതുരശ്ര സെന്റീമീറ്റര്‍ ചര്‍മ്മത്തില്‍ 10,000 മുതല്‍ ഒരു ദശലക്ഷം വരെ ബാക്ടീരിയകള്‍ ജീവിക്കുന്നുണ്ട്. ഇവ നമ്മുടെ വിയര്‍പ്പ് ഗ്രന്ഥികളില്‍ നിന്ന് വരുന്ന എണ്ണയാണ് ആഹാരമാക്കുന്നത്. വിയര്പ്പിന് ദുര്ഗന്ധമില്ലെങ്കിലും, സ്റ്റാഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകള്‍ പുറത്തുവിടുന്ന സള്‍ഫറസ് സംയുക്തങ്ങള്‍ ദുര്‍ഗന്ധത്തിന് കാരണമാകും.
അതുകൊണ്ട് രാത്രിയില്‍ കുളിക്കുന്നതാണ് കൂടുതല്‍ ശുചിത്വമുള്ള മാര്‍ഗ്ഗമായി തോന്നിയേക്കാം. പക്ഷേ, സത്യം അതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്.
‘നിങ്ങള്‍ രാത്രിയില്‍ കുളിച്ച് കിടക്കാന്‍ പോകുകയാണെങ്കില്‍ വൃത്തിയായിരിക്കും, എങ്കിലും രാത്രി മുഴുവന്‍ നിങ്ങള്‍ക്ക് വിയര്‍ക്കുമല്ലോ,’ ലീസെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റായ പ്രിംറോസ് ഫ്രീസ്റ്റോണ്‍ പറയുന്നു.
ഫ്രീസ്റ്റോണിന്റെ അഭിപ്രായത്തില്‍, തണുപ്പുള്ള കാലാവസ്ഥയില്‍ പോലും ഒരാള്‍ അര ലിറ്റര്‍ വരെ വിയര്‍പ്പ് കിടക്കയില്‍ ഒഴുക്കുകയും 50,000-ത്തിലധികം ചര്‍മ്മകോശങ്ങള്‍ നിക്ഷേപിക്കുകയും ചെയ്യും.
‘നിങ്ങള്‍ രാത്രിയില്‍ കുളിച്ചു കഴിഞ്ഞാലും, നിങ്ങളുടെ ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ക്ക് ആഹാരമാക്കാനും ചെറിയ അളവില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാക്കാനും കഴിയുന്ന തരത്തിലുള്ള ഒരു ‘വിയര്‍പ്പുള്ള സൂക്ഷ്മ-അന്തരീക്ഷം’ നിങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, രാത്രി കുളിച്ച് രാവിലെ ഉണരുമ്പോള്‍, നിങ്ങള്‍ക്ക് അപ്പോഴും നേരിയ ദുര്‍ഗന്ധം ഉണ്ടാകും,’ ഫ്രീസ്റ്റോണ്‍ പറയുന്നു.
രാത്രിയിലെ കുളിയുടെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ കിടക്കവിരികള്‍ പതിവായി കഴുകണം. കാരണം, ബാക്ടീരിയകള്‍ക്ക് ഷീറ്റുകളിലും, തലയിണകളിലും ആഴ്ചകളോളം ജീവിക്കാന്‍ കഴിയും. അതുപോലെ, കാലക്രമേണ പൊടിപടലങ്ങളും കുമിളുകളും അടിഞ്ഞുകൂടും, പ്രത്യേകിച്ചും തലയിണ പോലുള്ള ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍. സാധാരണ പ്രതിരോധ ശേഷിയുള്ള ആളുകള്‍ക്ക് ഈ സൂക്ഷ്മജീവികളുടെ ആക്രമണത്തെ നേരിടാന്‍ കഴിയുമെങ്കിലും, ഗുരുതരമായ ആസ്തമയുള്ള 76% ആളുകള്‍ക്കെങ്കിലും ഒരുതരം കുമിളകളോട് അലര്‍ജിയുണ്ട്. ക്ഷയം അല്ലെങ്കില്‍ പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങളുള്ള ആളുകളില്‍ എ. ഫ്യുമിഗേറ്റസ് എന്ന കുമിളുമായുള്ള സമ്പര്‍ക്കം വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും.
‘രാവിലെ കുളിക്കുന്നതിനേക്കാള് പ്രധാനപ്പെട്ടത് നിങ്ങളുടെ കിടക്കവിരി വൃത്തിയാക്കുക എന്നതാണ്,’ യുകെയിലെ ഹള്‍ യൂണിവേഴ്സിറ്റിയിലെ വൂണ്ട് ഹീലിംഗ് ആന്‍ഡ് മൈക്രോബയോമിന്റെ സീനിയര്‍ ലക്ചററായ ഹോളി വില്‍ക്കിന്‍സണ്‍ പറയുന്നു. ‘നിങ്ങള്‍ കുളിച്ച് കിടക്കാന്‍ പോവുകയും, അതേ ഷീറ്റുകള്‍ ഒരു മാസത്തേക്ക് മാറ്റാതെ ഉപയോഗിക്കുകയും ചെയ്താല്‍, അതില്‍ ബാക്ടീരിയ, അഴുക്ക്, പൊടി എന്നിവ അടിഞ്ഞുകൂടും.’
ഇതൊരു പ്രശ്നമാണ്, കാരണം പൊടിപടലങ്ങളുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കം അലര്‍ജിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പൂമ്പൊടി പോലുള്ള അലര്‍ജികളോട് നിങ്ങള്‍ക്ക് സംവേദനക്ഷമതയുണ്ടെങ്കില്, നിങ്ങളുടെ കിടക്കവിരി വൃത്തിയാക്കാത്തത് നിങ്ങളുടെ രോഗലക്ഷണങ്ങള്‍ വഷളാക്കും. വൃത്തിയില്ലാത്ത ഷീറ്റുകളില്‍ പതിവായി കിടക്കുന്നത് ചര്‍മ്മ അണുബാധകള്‍ക്ക് കാരണമായേക്കാം.
ഉറക്കത്തിനുള്ള ഗുണങ്ങള്‍

രാത്രിയില്‍ കുളിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നും ചിലര്‍ വാദിക്കുന്നുണ്ട്, ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ലഭ്യമാണ്. ഉദാഹരണത്തിന്, 13 പഠനങ്ങളുടെ ഫലങ്ങള്‍ താരതമ്യം ചെയ്ത ഒരു മെറ്റാ-അനാലിസിസ് കണ്ടെത്തിയത്, കിടക്കുന്നതിന് ഒന്നുരണ്ട് മണിക്കൂര്‍ മുന്‍പ് 10 മിനിറ്റ് ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഉറങ്ങാന്‍ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുന്നു എന്നാണ്. ശരീര താപനില വര്‍ദ്ധിപ്പിച്ച് വീണ്ടും തണുപ്പിക്കുന്നത് ഉറക്കത്തിനായി തയ്യാറെടുക്കാന്‍ ശരീരത്തിന് ഒരു സിര്‍ക്കാഡിയന്‍ സിഗ്നല്‍ നല്കുന്നുണ്ടാവാം.
അപ്പോള്‍, രാവിലെയാണോ രാത്രിയാണോ കുളിക്കുന്നത് നല്ലത് എന്ന ചോദ്യത്തിന് എന്ത് ഉത്തരം നല്‍കാം? രാത്രി കിടക്കയില്‍ നിന്ന് ശരീരത്തില്‍ പറ്റിയ വിയര്‍പ്പും സൂക്ഷ്മാണുക്കളും കഴുകി കളഞ്ഞ് ദിവസം കൂടുതല്‍ ഉന്മേഷത്തോടെയും വൃത്തിയോടെയും തുടങ്ങാന്‍ കഴിയുന്നതിനാല്‍ രാവിലെ കുളിക്കുന്നതാണ് നല്ലതെന്ന് ഫ്രീസ്റ്റോണ്‍ പറയുന്നു.





