28
Mar 2026
Sat
28 Mar 2026 Sat
israel iran war

നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ പ്രധാന ആണവ-വ്യവസായ കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. മധ്യ ഇറാനിയന്‍ നഗരമായ യാസ്ദിലെ (Yazd) യുറേനിയം സംസ്‌കരണ ശാലയ്ക്ക് നേരെയാണ് ഇസ്രായേല്‍ വ്യോമസേന പ്രഹരമേല്‍പ്പിച്ചത്. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ ഭീതിദമായ തലത്തിലേക്ക് നീങ്ങുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന യാസ്ദിലെ പ്ലാന്റ് ഇസ്രായേല്‍ തകര്‍ത്തു. കൂടാതെ ബുഷെഹര്‍ (Bushehr) ആണവനിലയത്തിന് സമീപവും മിസൈല്‍ പതിച്ചു. എന്നാല്‍ റേഡിയേഷന്‍ ചോര്‍ച്ചയോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു.

ഇറാന്റെ കരുത്തായ ഖുസെസ്താന്‍, മുബാറക് സ്റ്റീല്‍ പ്ലാന്റുകള്‍ക്ക് നേരെയും ഖൊണ്ടാബ് ഹെവി വാട്ടര്‍ കോംപ്ലക്‌സിന് നേരെയും ആക്രമണമുണ്ടായി.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ 1,900-ലധികം പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മാത്രം ഖോം (Qom) നഗരത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ രാജ്യത്തെ 120-ഓളം മ്യൂസിയങ്ങളും ചരിത്ര സ്മാരകങ്ങളും തകര്‍ക്കപ്പെട്ടതായി ഇറാന്‍ അറിയിച്ചു.

ALSO READ: അമിത ജോലി ഭാരവും ആള്‍ക്ഷാമവും രൂക്ഷം; ഇസ്രായേല്‍ പ്രതിരോധ സേന സ്വയം തകരുമെന്ന് മുന്നറിയിപ്പുമായി സൈനിക മേധാവി

വലിയ തിരിച്ചടിയെന്ന് ഇറാന്‍

ഇസ്രായേലിന്റെ ആക്രമണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. ‘ഇനി കണ്ണിന് കണ്ണെന്ന രീതിയിലുള്ള തിരിച്ചടിയാവില്ല എന്ന് ഐആര്‍ജിസി (IRGC) കമാന്‍ഡര്‍ സെയ്ദ് മജീദ് മൂസവി പറഞ്ഞു.

മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ കമ്പനികളിലെ ജീവനക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ചെയ്തതുപോലെ ഇസ്രായേലിന്റെ ഡിമോണ (Dimona) ആണവനിലയത്തെ ഇറാന്‍ വീണ്ടും ലക്ഷ്യം വെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഹോര്‍മുസ് കടലിടുക്കിലെ തര്‍ക്കം

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള ഇറാന്റെ നീക്കം നിയമവിരുദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള മൂന്ന് കപ്പലുകളെ ഇറാന്‍ സൈന്യം തിരിച്ചയച്ചു. യുദ്ധം മൂലം ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷാ ഭീഷണി നേരിടുന്നവരുടെ എണ്ണം 363 ദശലക്ഷമായി ഉയര്‍ന്നേക്കാമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി.

സമാധാന ചര്‍ച്ചകള്‍ എവിടെ വരെ?

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഏപ്രില്‍ 6 വരെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നെങ്കിലും, സമാധാന നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമാണെന്ന് പറഞ്ഞ് ഇറാന്‍ അത് തള്ളി. പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്കായി മധ്യസ്ഥത തുടരുകയാണ്. വരും ആഴ്ചകളില്‍ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍ക്കോ റൂബിയോ പറഞ്ഞു.