ജിദ്ദ: വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ കൈയേറി അതിര്‍ത്തി വികസിപ്പിക്കാനുള്ള ഇസ്റായേലിന്റെ അപകടകരമായ നീക്കം ചര്‍ച്ച ചെയ്യുന്നതിനായി അറബ്, മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്ലാമിക സഹകരണ സംഘടന (ഒ.ഐ.സി) അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്താണ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരുന്നത്.
|
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പരമാധികാരം സ്ഥാപിക്കാനുള്ള ഇസ്റായേലിന്റെ ശ്രമങ്ങളെയും പുതിയ കുടിയേറ്റ നയങ്ങളെയും പ്രതിരോധിക്കുന്നതിനായുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ‘സ്റ്റേറ്റ് ലാന്‍ഡ്'(രാഷ്ട്രത്തിന്റെ ഭൂമി) എന്ന പേരില്‍ വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്റായേലിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഒ.ഐ.സി ചൂണ്ടിക്കാട്ടി.
ഫലസ്തീന് പ്രദേശങ്ങളുടെ നിയമപരവും രാഷ്ട്രീയവും ജനസംഖ്യാപരവുമായ നില മാറ്റാനാണ് ഇസ്റായേല്‍ ശ്രമിക്കുന്നത്. ഇതിനെതിരെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ നിലപാട് രൂപീകരിക്കുകയും കടുത്ത പ്രതിരോധം തീര്‍ക്കുകയുമാണ് യോഗത്തിന്റെ ലക്ഷ്യം.
നേരത്തെ ഇസ്റാഈലിന്റെ അതിര്‍ത്തി മധ്യപൂര്‍വേഷ്യയുടെ വലിയൊരു ഭാഗത്തേക്ക് വ്യാപിപ്പിക്കാന്‍ അവകാശമുണ്ടെന്ന ഇസ്റായേലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരേ കടുത്ത ഭാഷയിലായിരുന്നു അറബ്, മുസ്ലിം ലോകം പ്രതികരിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളും പ്രമുഖ രാജ്യാന്തര വേദികളും സംയുക്ത പ്രസ്താവനയിലൂടെ ഹക്കബിയുടെ നിലപാടിനെ അപലപിച്ചു. ഇതിന് പിന്നാലെയാണ് ഇസ്റായേല്‍ വിഷയത്തില്‍ ഒ.ഐ.സി അടിയന്തര യോഗം ചേരുന്നത്.
ഫലസ്തീന് ഭൂമിയിലെ ഇസ്റായേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് 2024ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഹക്കബിയുടെ പ്രസ്താവന മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് വഴിമരുന്നിടുമെന്ന ആശങ്കയിലാണ് അറബ് ലോകം.




