
ജിദ്ദ: സൗദി അറേബ്യയുടെ സമഗ്ര പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സഹകരണവും ഉന്നതിയും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം. സൗദിയുടെ തൊണ്ണൂറ്റി അഞ്ചാം ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് മീഡിയ ഫോറം ജിദ്ദയില്‍ സംഘടിപ്പിച്ച വര്‍ണാഭമായ പരിപാടിയിലെ ദേശീയദിന സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
![]() |
|
സൗദി അറേബ്യയുടെ സംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, വളര്‍ച്ചയുടെ ഭാഗമാകാന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടായത് വ്യക്തിത്വ വികസനത്തിനും നമ്മുടെ നാടിന്റെ പുരോഗതിക്കും മുതല്‍കൂട്ടായി. സ്വദേശികള്‍ക്ക് ഇന്ത്യന്‍ പൗരന്മാരോടുള്ള വിശ്വസ്ഥതയും സഹകരണവും പരസ്പര ബന്ധം മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ ഉണ്ടാക്കിയതായും ദേശീയദിന സന്ദേശത്തില്‍ പറഞ്ഞു.
ചടങ്ങില്‍ സാമൂഹ്യ സേവന രംഗത്തെ പ്രതിനിധികള്‍ക്ക് വാര്‍ത്ത തയ്യാറാക്കല്‍, വിഷ്വല്‍ മീഡിയ, നിര്‍മിത ബുദ്ധി എന്നീ വിഷയങ്ങളിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അവബോധം നല്കി. മീഡിയ പ്രവര്‍ത്തകരായ ഗഫൂര്‍ കൊണ്ടോട്ടി, സുല്‍ഫീക്കര്‍ ഓതായി, സാദിഖലി തുവൂര്‍, സാബിത് സലീം, വഹീദ് സമാന്, സാലിഹ് എന്നിവര്‍ വിവിധ പരിശീലന ക്ളാസുകള്‍ നയിച്ചു. എ സജിത്ത് ‘സൗദിയുടെ പിറവിയും വളര്‍ച്ചയും’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയദിന സന്ദേശം നല്കി.
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും വൈസ് പ്രസിഡന്റ് ഇബ്രാഹിം ശംനാട് നന്ദിയും പറഞ്ഞു. ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ മീഡിയ, പബ്ലിക് റിലേഷന്‍ കണ്‍വീനര്‍മാര്‍ ഭാഗമായ പരിപാടിയില്‍ വിവിധ സാംസ്കാരിക പരിപാടികളോടെ തൊണ്ണൂറ്റി അഞ്ചാം ദേശീയ ദിനം ആഘോഷിച്ചു. ട്രഷറര്‍ സിറാജ് കൊട്ടപ്പുറം വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.