04
Dec 2025
Sat
04 Dec 2025 Sat
kalamkaval

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ തകര്‍ത്തഭിനയിച്ച ക്രൈം ത്രില്ലര്‍ ചിത്രം ‘കളങ്കാവല്‍’ പ്രേക്ഷകരുടെ കൈയടി നേടുന്നു. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ മികച്ച കലക്ഷന്‍ നേടിയെന്നാണ് റിപോര്‍ട്ട്. സാക്‌നില്‍ക്കിന്റെ റിപോര്‍ട്ട് പ്രകാരം ‘കളങ്കാവല്‍’ ആദ്യ ദിനം 4.75 കോടി രൂപ നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മമ്മൂട്ടിയുടെ മുന്‍ ചിത്രമായ ‘ബസൂക്ക’യുടെ ആദ്യ ദിന കലക്ഷനേക്കാള്‍ കൂടുതലാണിത്. 3.2 കോടി രൂപയായിരുന്നു ബസൂക്ക ആദ്യ ദിനം നേടിയത്. കേരളത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ‘കളങ്കാവല്‍’ 1.52 കോടി രൂപ നേടിയിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 13 ലക്ഷം രൂപ ലഭിച്ചു. വിദേശ വിപണികളില്‍ നിന്ന് ചിത്രം 66 ലക്ഷം രൂപ നേടിയതോടെ ലോകമെമ്പാടുമുള്ള മൊത്തം അഡ്വാന്‍സ് 2.31 കോടി രൂപയിലെത്തി.

2000ത്തിന്റെ തുടക്കത്തില്‍ കേരളത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തില്‍ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ALSO READ: വഖഫ് സ്വത്ത് രജിസ്‌ട്രേഷനുള്ള സമയ പരിധി നീട്ടിയോ? മന്ത്രി പറഞ്ഞത് ഇങ്ങനെ

ആദ്യം നവംബര്‍ 27ന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ നായകനായെത്തിയ കുറുപ്പിന്റെ കഥ ഒരുക്കിയതും ജിതിന്‍.കെ.ജോസാണ്.