06
Apr 2026
Mon
06 Apr 2026 Mon
kannur salim murder case

കണ്ണൂര്‍: തലശ്ശേരി ഉസ്സന്‍മെട്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ യുകെ സലിം വധക്കേസില്‍ ആറ് എന്‍ഡിഎഫ്‌ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കെവി ലത്തീഫ്, ഇപി അബ്ദുള്ള, സക്കീര്‍ ഹുസ്സൈന്‍, പി നാസര്‍, ഷാബില്‍, മുഹമ്മദ് ഹിഷാം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 ജൂലൈ 23 ന് രാത്രി 8.30ഓടെയാണ് ഉസ്സന്‍മെട്ടയിലെ സലിം കുത്തേറ്റ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിവൈഎഫ്‌ഐ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫിന്റെ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു കേസ്. എന്നാല്‍ ഈ കേസിന് പ്രമാദമായ മറ്റൊരു കേസുമായി ബന്ധമുണ്ടന്ന് ആരോപണം ഉയര്‍ന്നു.

2006ലെ ഫസല്‍ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പിതാവ് തന്നെയാണ് കോടതിയില്‍ മൊഴി നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുകെ സലിമിന്റെ പിതാവ് ആരോപിച്ചു. സലിം മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തായിരുന്ന റഹീസും ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇത് അപകട മരണമല്ലെന്നും ഫസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ റഹീസിനും അറിയാമായിരുന്നുവെന്നും അതിനാല്‍ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് മൊഴി നല്‍കിയിരുന്നു.
ഫസല്‍ കേസിലെ വിവരങ്ങള്‍ സലിം പുറത്ത് പറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.

എന്നാല്‍ അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഈ ആരോപണം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംവി ജയരാജന്‍ തള്ളിയിരുന്നു. കൊല നടന്ന സമയത്ത് പിതാവിന്റെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം.