14
Feb 2026
Sat
14 Feb 2026 Sat
kanthapuram kerala yathra

കോട്ടയ്ക്കല്‍: ഇരു സുന്നീ സംഘടനകളും ഐക്യം വേണമെന്ന ആഹ്വാനത്തില്‍ ഇന്ന് എ പി സമസ്ത വിഭാഗം നിലപാട് പ്രഖ്യാപിക്കും. സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമയുടെ ശതാബ്ദി വാര്‍ഷിക സമ്മേളനത്തിന്റെ വിളംബരം ഇന്ന് കോട്ടയ്ക്കല്‍ പുത്തൂരില്‍ നടക്കുകയായാണ്. വേദിയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഐക്യനിലപാട് വ്യക്തമാക്കിയേക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതൃസംഘടനയില്‍ നിന്നും വിട്ടുപോയവര്‍ തിരിച്ചുവരണമെന്ന് ഞായറാഴ്ച കാസര്‍കോട് കുണിയയില്‍ നടന്ന സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന വേദിയില്‍ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എ പി വിഭാഗം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സുന്നികള്‍ ഐക്യപ്പെടണം എന്നതില്‍ ആര്‍ക്കും രണ്ട് അഭിപ്രായം ഇല്ലെന്ന് എ പി സമസ്ത സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. അന്തിമ വാക്ക് കാന്തപുരം ഉസ്താദിന്റേതാണ്. ഇക്കാര്യത്തില്‍ ഇന്ന് കാന്തപുരം ഉസ്താദ് വ്യക്തത വരുത്തുമെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

സുന്നി ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കണം. സമ്പൂര്‍ണ്ണ ലയനമാണ് വേണ്ടത്. പാണക്കാട് കുടുംബത്തെ മാറ്റിനിര്‍ത്തരുത്. പാണക്കാട് കുടുംബം നിര്‍വഹിക്കേണ്ട നേതൃത്വപരമായ കാര്യങ്ങള്‍ ചെയ്യണം. സമ്പൂര്‍ണ്ണ ലയന സമയത്ത് പ്രഖ്യാപനവും മധ്യസ്ഥതയും പാണക്കാട് കുടുംബത്തിന് ആവണമെന്നത് നേരത്തെ തീരുമാനിച്ചതാണ് എന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

സുന്നി ഐക്യത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളും നിലപാട് വ്യക്തമാക്കി. സംഘടനാപരമായ ഭിന്നിപ്പുകള്‍ മൂലമൊക്കെ പുറത്തുപോയവര്‍ക്ക് അതൊക്കെ പറഞ്ഞു പരിഹരിച്ചു തിരിച്ചു വരാം. സുന്നി ഐക്യത്തെക്കുറിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അനുകൂലമായി പറയുന്നതില്‍ വളരെ സന്തോഷമുണ്ട്. കാന്തപുരം ഉസ്താദിന്റെ മകനും നല്ല രീതിയിലാണ് പ്രതികരിച്ചത്. സുന്നി ഐക്യം ആഗ്രഹിക്കുന്നവര്‍ അതിനു വേണ്ട സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയാല്‍ മാന്യമായി തിരിച്ചു വരാം. പോയവര്‍ക്ക് എല്ലാം തിരിച്ചു വരാം. അവരെ തള്ളിപ്പറയാനൊന്നും പറ്റില്ല. നമുക്ക് വേണ്ടപ്പെട്ടവരും അതേ ആശയം ഉള്ള ആളുകളും തന്നെയായിരുന്നു അവര്‍. ഇതിനു മുന്‍പും ഐക്യ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ചില ഉപാധികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെടാത്തത് കൊണ്ടാകാം നടക്കാതെ പോയത്. സിഐസി വിഷയത്തില്‍ സമസ്ത എതിര്‍ത്ത കാര്യങ്ങള്‍ തിരുത്തി അവര്‍ക്കും തിരിച്ചു വരാം. ആരെയും സ്വീകരിക്കാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.