ബംഗളുരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ബംഗളൂരു യെലഹങ്ക ഫകീര്‍ കോളനിയില്‍ നൂറുകണക്കിന് മുസ്ലിം കുടുംബങ്ങളെ ഒറ്റ രാത്രി കൊണ്ട് ഭവനരഹിതരാക്കിയ ബുള്‍ഡോസര്‍ മനുഷ്യത്വ വിരുദ്ധ നടപടിക്കെതിരേയാണ് യൂത്ത് ലീഗ് രംഗത്തെത്തിയത്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
|
സുപ്രീംകോടതി മുന്നോട്ട് വച്ച നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് നടത്തിയ കൂട്ട കുടിയൊഴിപ്പിക്കല്‍ കര്‍ണാടക സര്‍ക്കാറിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഈ ക്രൂരത ഒരു നിലക്കും ന്യായീകരിക്കാനാവില്ല. ബുള്‍ഡോസര്‍ നടപടിക്ക് ഇരകളായവര്‍ക്ക് വേണ്ടി അടിയന്തരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ALSO WATCH
താല്കാലിക താമസസൗകര്യം സര്‍ക്കാര്‍ ചെലവില്‍ ഒരുക്കണം. സ്ഥിരമായി ഇവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയാറാക്കണം. മാന്യമായ നഷ്ടപരിഹാരവും ഇവര്‍ക്ക് ഉറപ്പാക്കണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി ആവശ്യപ്പെട്ടു.





