ദക്ഷിണ കന്നഡ: കർണാടകയിൽ കൊല്ലപ്പെട്ട ബിജെപി- യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടരുവിന്റെ ഭാര്യയുടെ താൽക്കാലിക നിയമന ഉത്തരവ് പിൻവലിച്ച് കർണാടകയിൽ പുതുതായി ചുമതലയേറ്റ കോൺഗ്രസ് സർക്കാർ.
|
നെട്ടരുവിന്റെ ഭാര്യ നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാലത്താണ് കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിൽ ജോലി നൽകിയത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തിലാണ് അസിസ്റ്റന്റ് തസ്തികയിൽ ജോലി നൽകിയത്.
സർക്കാരുകൾ മാറുമ്പോൾ താൽക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകാൻ പൊതുവെ ആവശ്യപ്പെടാറുണ്ടെന്നും നൂതൻ കുമാരിക്ക് പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
2022 ജൂലൈ 26നാണ് നെട്ടരു വെട്ടേറ്റ് മരിച്ചത്. കേസ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. നെട്ടരുവിന്റേത് പ്രതികാര കൊലപാതകമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കേസിൽ പത്തിലധികം പ്രതികൾ അറസ്റ്റിലായിരുന്നു.
നെട്ടരുവിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്ന് ബൊമ്മൈ സർക്കാരിനോട് ആവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകൾ സോഷ്യൽമീഡിയ കാമ്പയിൻ നടത്തിയിരുന്നു. ഭാര്യക്ക് ജോലിക്ക് പുറമെ നെട്ടരുവിന്റെ കുടുംബത്തിന് ബിജെപി വീടും നിർമിച്ചു നൽകിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





