09
Apr 2026
Thu
09 Apr 2026 Thu
kerala assembly election polling booth

 Kerala assembly election 2026 പിണറായി വിജയന്‍ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരണം എന്നാണ് ആഗ്രഹമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ത്രികോണ മത്സരമാണ് പലയിടത്തും നടക്കുന്നത്. മൂന്നു മുന്നണികളും നന്നായി പണം മുടക്കിയ തിരഞ്ഞെടുപ്പ് ആണ് ഇതു. ബിജെപി വോട്ടിങ് ശതമാനം വര്‍ധിപ്പിക്കും. അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ പ്രതികരിച്ചില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുകയാണ്. ഉച്ചയ്ക്ക് മൂന്നു വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 65.71 ശതമാനം വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തി. 66 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയ എറണാകുളമാണ് പോളിങ്ങില്‍ മുന്നില്‍.

പലയിടത്തും കള്ളവോട്ട് ആരോപണം

വിവിധ ബൂത്തുകളില്‍ കള്ളവോട്ട് ആരോപണവുമായി മുന്നണികള്‍ രംഗത്തെത്തി. പയ്യന്നൂര്‍ മണ്ഡലത്തില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞിക്കൃഷ്ണന്‍. കരിവെള്ളൂര്‍, വെള്ളൂര്‍, കാറമ്മേല്‍, ഏറ്റുകുടുക്ക എന്നിവിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

തണ്ണീര്‍മുക്കം കണ്ണങ്കര സെന്റ് മാര്‍ട്ടിന്‍ ഗൈസ്‌കൂളിലെ 164 -ാം നമ്പര്‍ ബൂത്തില്‍ പ്രവാസികളായ 2 മക്കളുടെ വോട്ട് ഇരുവരുടെയും അച്ഛന്‍മാര്‍ രേഖപ്പെടുത്തി. യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാര്‍ ഇത് ചോദ്യം ചെയ്തുവെങ്കിലും പ്രവാസികള്‍ക്ക് ക്രോസിങ് വോട്ട് ചെയ്യാമെന്ന വാദം ഉയര്‍ത്തി പ്രിസൈഡിങ് ഓഫിസര്‍ ഇതിന് അനുവാദം നല്‍കിയതായാണ് പരാതി. യുഡിഎഫ് ചീഫ് ഏജന്റ് ആര്‍.ശശിധരന്‍ വരണാധികാരിയ്ക്ക് രേഖാമൂലം പരാതി നല്‍കി

സന്ദീപ് വാര്യര്‍ക്കെതിരേ പരാതി

തൃക്കരിപ്പൂര്‍ പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ചെയ്യുന്നുവെന്ന് യുഡിഎഫ് ഏജന്റ് ആരോപിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആള്‍ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ സന്ദീപ് വാരിയര്‍ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

തിരുവനന്തപുരം ബീമാപ്പള്ളിയിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നു.

നായ്ക്കുരണപ്പൊടി വിതറി

പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്‌കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റ് സജിത മോഹനന്റെ ദേഹത്തേക്ക് സിപിഎം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറിയതായി പരാതി.