17
Mar 2026
Tue
17 Mar 2026 Tue
abdul rahman randathani

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍. മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ പരോക്ഷ വിമര്‍ശനമടങ്ങിയ ഫേസ്ബുക് പോസ്റ്റും വനിതാ ലീഗ നേതാവിന്റെ തുറന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സംഗതി വന്‍വിവാദമാവുകയും ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണക്കുറിപ്പുമായി രണ്ടത്താണി രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാന്‍. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.’ എന്നായിരുന്നു രണ്ടത്താണി ഫേസ്ബുക്കില്‍ കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ കുറിപ്പ് പുറത്തുവന്നത്.

സാദിഖലി തങ്ങള്‍ അര്‍ഹരെ പരിഗണിച്ചില്ല എന്നാണ് പോസ്റ്റിലെ സൂചനയെന്ന് ആളുകള്‍ വ്യാഖ്യാനിച്ചു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ കുറിപ്പ് എഴുതിയത്.

ALSO READ: നിയമസഭ തിരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ് ലിം ലീഗ്

‘മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത മഹാന്‍. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇന്നത്തെ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഈ ഗണത്തില്‍പെട്ടതാണ്. ദേശീയതലത്തില്‍ യൂത്ത് ലീഗിനും എം.എസ്.എഫിനും വിലാസമുണ്ടാക്കിക്കൊടുത്ത യുവജന -വിദ്യാര്‍ഥി നേതാക്കളും പ്രഗത്ഭരായ വനിതാ നേതാക്കളും തൊഴിലാളി വര്‍ഗത്തിന്റെ അവകാശസമര പോരാട്ടത്തിലെ നായകന്മാരും തുടങ്ങി ഒട്ടേറെ പ്രതിഭാശാലികള്‍ ഇത്തവണ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. പുതിയ തലമുറക്ക് അവസരം കൊടുത്ത് കഴിഞ്ഞ കാലങ്ങളില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കാണിച്ച മാതൃക സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും തുടരുന്നു എന്നതാണ് ലീഗിന്റെ സവിശേഷത. വിജയത്തിലും അത് പ്രതിഫലിക്കും’ -എന്നായിരുന്നു പുതിയ കുറിപ്പ്.

നേരത്തെയും ഇതിന്റെ ആമുഖമാണ് ചെയ്തതെന്നും ചിലര്‍ വെച്ച കണ്ണട വികലമായതിനാല്‍ അതിനു മറ്റൊരു ഭാഷ്യം നല്‍കിയത് കൊണ്ടാണ് ഫുള്‍ ടെസ്റ്റ് കൊടുക്കേണ്ടി വന്നതെന്നും രണ്ടത്താണി പറഞ്ഞു.

നേരത്തെ പകുതി എഴുതിയപ്പോ അറിയാതെ കൈ തട്ടി പോസ്റ്റായതാണെന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘ഇക്കാലത്ത് ആമുഖം മാത്രം മതിയാവില്ല സാഹിബെ, ഫുള്‍ ടെസ്റ്റ് തന്നെ വേണം…. ഒരു ഇലക്ഷന്‍ കഴിയുന്നതോടെ തീരുന്നില്ല ലോകം. നിങ്ങളെപ്പോലെ ഉള്ള എല്ലാ നേതാക്കന്മാര്‍ക്കും അണികളായ ഞങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനമുണ്ട് അത് കാത്തു സൂക്ഷിക്കേണ്ടത് നിങ്ങളാണ്’-എന്നായിരുന്നു മറ്റൊരു കമന്റ്.

‘താങ്കളുടെ മറ്റൊരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു. അത് ഫേക് ആവണേയെന്ന് ആയിരം വട്ടം പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അതിന്റെ പൂര്‍ണ്ണ രൂപവും താങ്കള്‍ തന്നേ പോസ്റ്റ് ചെയ്തു. ആദ്യത്തേത് ഡിലീറ്റും. എതായിരുന്നാലും ഒറ്റക്കാര്യം മാത്രം ശ്രദ്ധയില്‍ പെടുത്തുന്നു: എം.എല്‍.എ ആയ താങ്കള്‍, പാര്‍ട്ടി സെക്രട്ടറിമാരിലൊരാളായ താങ്കള്‍, പാര്‍ട്ടിയുടെ ഒരുപാട് സ്ഥാനമാനങ്ങളും പാര്‍ട്ടിയുടെ പേരില്‍ വഹിച്ച ഒരുപാട് സ്ഥാനങ്ങളും ഉള്ള താങ്കള്‍, ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവാത്ത ലക്ഷ്യക്കണക്കിന് മനുഷ്യരുടെ മുഖത്ത് നോക്കിയാണ് ഞങ്ങളുടെ കരളിന്റെ കഷ്ണമായ സയ്യിദിനേ നിന്ദിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്ക് വെച്ചത്. താങ്കളെ കൊണ്ടും പാര്‍ട്ടിക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. ഒന്നും വിസ്മരിക്കുന്നില്ല. എന്നാലും പറയാം. ഞങ്ങളുടെ നേതാവിനെ ഇകഴ്ത്തി കൊണ്ട് ഇത്തരം പോസ്റ്റുകളുമായി വന്നാല്‍ താങ്കള്‍ ചെയ്ത പതിനായിരം നന്മമകളുണ്ടായാലും ഈ ഒരു തിന്മ കൊണ്ട് ആ നന്മകളൊക്കെ ഞങ്ങളങ്ങ് മറക്കും. ലക്ഷ്യക്കണക്കിന് മെമ്പര്‍മാരുള്ള പാര്‍ട്ടിയിലേ വെറും 25 ആളുടെ പേരാണ് ഇന്ന് തങ്ങള്‍ പ്രഖ്യാപിച്ചത്. അവരെ പോലെയോ അവരുടെ മുകളിലോ കഴിവുള്ള പതിനായിരങ്ങള്‍ പാര്‍ട്ടിക്ക് പുറത്തുണ്ട്. അവരൊക്കേ ഇങ്ങനെ ബഹളം വെക്കാന്‍ നിന്നാല്‍ എന്താവും അവസ്ഥ. അവരെയൊക്കെ പോലെ അച്ചടക്കത്തോടെ നിന്നാല്‍ താങ്കളും ഇതുവരെ പോലെ തന്നേ ഞങ്ങളുടെ ഇഷ്ട്ട സാഹിബാണ്. മറിച്ചാണെങ്കില്‍ ഒരു നന്ദി കെട്ടവനും. രണ്ടിനേയും രണ്ടായി കാണാനും പ്രവര്‍ത്തിക്കാനും നല്ല പോലെ അറിയുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഓര്‍ക്കുന്നത് നല്ലതാണ് സാഹിബേ..’ എന്ന് മറ്റൊരു പ്രവര്‍ത്തകനും പ്രതികരിച്ചു.

പരസ്യ പ്രതികരണവുമായി നൂര്‍ബിന റഷീദ്

മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് രംഗത്തെത്തി. ഫാത്തിമ തഹ്‌ലിയയെയും ജയന്തിരാജനെയും സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂര്‍ബിന ചോദിച്ചു. വനിതാ ലീഗിന് അര്‍ഹമായ സീറ്റ് നല്‍കിയില്ല എന്നും ജയന്തിരാജന്‍ സ്ഥാനാര്‍ഥിയായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അവര്‍ ചോദിച്ചു.

‘ബഹുമാനപ്പെട്ട പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പട്ടികയെ രണ്ടു കൈയും കൊട്ടി സ്വീകരിക്കുന്നു. പക്ഷേ, ലിസ്റ്റില്‍ വന്ന രണ്ട് വനിതകളില്‍ ഒന്ന് യൂത്ത് ലീഗിന്റെ മുഖവും മറ്റൊന്ന് മുസ്‌ലിം ലീഗ് ദേശീയ അസി. സെക്രട്ടറിയുമാണ്. രണ്ടുപേരും എങ്ങനെയാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയില്ല. എന്തും പറയാവുന്നവരെയാണ് ക്വാളിഫിക്കേഷന്‍ ആയി വെക്കുന്നതെങ്കില്‍ അതില്‍ വനിതാലീഗിന് ദുഃഖമുണ്ട്, പ്രതിഷേധമുണ്ട്’ -അവര്‍ പ്രതികരിച്ചു.