21
Apr 2023
Tue
21 Apr 2023 Tue

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു. പരിശീലകനുമായുള്ള കരാര്‍ പരസ്പര ധാരണയില്‍ അവസാനിപ്പിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം കൂടിയായിരുന്ന ഇഷ്ഫാഖ് കഴിഞ്ഞ നാല് വര്‍ഷം ടീമിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്നിക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് ഈ കശ്മീര്‍ ഫുട്‌ബോളര്‍.
2015ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് ഇഷ്ഫാഖ് തന്റെ കോച്ചിങ് കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, വിരമിക്കലിനു ശേഷം 2017ല്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ കീഴില്‍ ജംഷഡ്പൂരിലേക്ക് സഹപരിശീലകനായി ചേക്കേറി. തുടര്‍ന്ന് 2019ല്‍ ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സഹപരിശീലക സ്ഥാനത്തേക്ക് തിരികെയെത്തി. സൂപ്പര്‍ കപ്പില്‍ നിന്ന് ക്ലബ് പുറത്തായ സാഹചര്യത്തിലാണ് പരിശീലകന്‍ ക്ലബ് വിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കഴിഞ്ഞ നാല് വര്‍ഷം ടീമിനൊപ്പം ഉണ്ടായിരുന്ന ഇഷ്ഫാഖിനോട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് നന്ദി രേഖപ്പെടുത്തി. ആദ്യം ഒരു കളിക്കാരന്‍ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിര്‍ത്തും. കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നതായതും അദ്ദേഹം വ്യക്തമാക്കി.