10
Feb 2026
Thu
10 Feb 2026 Thu

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അടുത്ത ഹോം മത്സരങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തന്നെ നടത്താനുള്ള സാധ്യത ശക്തമാകുന്നു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം നിലവില്‍ മത്സരങ്ങള്‍ക്ക് സജ്ജമല്ലെന്നാണ് വിലയിരുത്തല്‍. കൊച്ചി സ്റ്റേഡിയം വാടകയില്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ ജിസിഡിഎ നാളെ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.
സൂപ്പര്‍ ക്രോസ് ബൈക്ക് റേസിംഗിനെ തുടര്‍ന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ മൈതാനം കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് പുനഃസ്ഥാപിച്ച് ബ്ലാസ്റ്റേഴ്സിന് കൈമാറുമെന്ന് കഴിഞ്ഞ ആഴ്ച കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നെങ്കിലും, ഇതുവരെ പൂര്‍ണമായി കൈമാറിയിട്ടില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. സ്റ്റേഡിയം ഉപയോഗത്തിന് ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമാണ് ബാക്കിയെന്നും കെഎഫ്എ വിശദീകരിച്ചു.
ഇതിനിടെ, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ, ബ്ലാസ്റ്റേഴ്സ് ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താനാണ് ഫെഡറേഷന്റെ താല്‍പര്യമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഫെഡറേഷന്‍ പ്രതിനിധികള്‍ ജിസിഡിഎയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. കോഴിക്കോട് സ്റ്റേഡിയം ഇതുവരെ കെഎഫ്എ ബ്ലാസ്റ്റേഴ്സിന് ഔദ്യോഗികമായി കൈമാറിയിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം ഈ മാസം 22നാണ് നടക്കുക. കൊച്ചിയില്‍ തന്നെ മത്സരം നടത്തുമോ എന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>